പ്രളയം: 10,000 രൂപ വീതം നൽകുന്നതു പൂർത്തിയായെന്നു റവന്യു വകുപ്പ്

തിരുവനന്തപുരം∙ പ്രളയക്കെടുതികൾക്കിരയായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകുന്നതു പൂർത്തിയായെന്നു റവന്യു വകുപ്പ്. അഞ്ചര ലക്ഷം പേർക്കാണു സഹായം കൈമാറിയത്. ദുരന്തത്തിൽ മരണമുണ്ടായ മുന്നൂറോളം കുടുംബങ്ങൾക്കു സഹായധനമെത്തിച്ചു. അനന്തരാവകാശ സർട്ടിഫിക്കറ്റ് പോലുളള രേഖകൾ ലഭ്യമാക്കിയിട്ടില്ലാത്തവർക്കു മാത്രമാണ് ആനുകൂല്യം നൽകാൻ ബാക്കിയുള്ളത്. 80,461 വീട്ടമ്മമാർക്കു കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകാനുള്ള നടപടി പൂർത്തിയായി.

വീടുകളുടെ നാശനഷ്ടം കണ്ടെത്താനുള്ള ഡിജിറ്റൽ സർവേയിൽ 1,79,000 വീടുകൾ ഇതുവരെ ഉൾപ്പെടുത്തി. ഇതിൽ അര ലക്ഷം വീടുകൾ പരിശോധിച്ചു. ഭൂമി നഷ്ടപ്പെട്ടവർക്കു കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ളതിനെക്കാൾ വലിയ തുക ലഭിക്കും. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവർക്കായി നിശ്ചയിച്ചതെങ്കിൽ മൂന്നു മുതൽ അഞ്ചു സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവർക്കു സ്വന്തമായി മറ്റു ഭൂമിയില്ലെങ്കിൽ സംസ്ഥാനം ആറുലക്ഷം രൂപ നൽകും.

പൂർണമായും നശിച്ച വീടുകൾക്കു സമതലങ്ങളിൽ 95,100 രൂപയും മലയോരമേഖലയിൽ 1,01,900 രൂപയും മാത്രമാണു കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാൽ സംസ്ഥാനം നാലു ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു മറ്റെവിടെയും ഭൂമിയില്ലെങ്കിൽ പത്തുലക്ഷം രൂപ ലഭിക്കും. ഒരേക്കർ ഭൂമിയിലെ തെങ്ങുകൃഷിക്കു 18,000 രൂപ നൽകാനാണു കേന്ദ്ര നിർദേശം. എന്നാൽ സംസ്ഥാനം 1,19,000 രൂപ നൽ‌കും. സംസ്ഥാനത്ത് ഇപ്പോൾ 80 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. 787 കുടുംബങ്ങളിലെ 2457 പേർ ക്യാംപുകളിൽ കഴിയുന്നു.