മകളെ കിണറ്റിൽ എറിഞ്ഞ അമ്മയെ റിമാൻഡ് ചെയ്തു

രമ്യ

ചേർപ്പ് (തൃശൂർ) ∙ ചെവ്വൂർ ചെറുവത്തേരിയിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അമ്മയ്ക്കെതിരെ കേസെടുത്തു. താഴത്തുവീട്ടിൽ ബിനീഷ്‌കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്​ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്.

ഞായർ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ ഒരാൾ തന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി. സംശയം തോന്നി  പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്.

ബിനീഷ്‌കുമാർ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരിൽ ഇവർ വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭർത്താവ് വരാൻ വൈകിയതോടെ ഫോണിൽ ഇവർ വഴക്കിട്ടു. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രമ്യ മകളെയുമെടുത്തു കിണറ്റിൽ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൈപ്പിൽ പിടിച്ചുനിന്ന രമ്യ അൽപനേരം കഴിഞ്ഞു പൈപ്പിൽ പിടിച്ചു മുകളിലേക്കു കയറി. മകളെക്കുറിച്ചോർത്തു കുറ്റബോധം തോന്നിയപ്പോൾ വീണ്ടും ചാടി വെള്ളത്തിൽ തിരഞ്ഞു. ഇതു നിഷ്ഫലമായപ്പോൾ തിരികെ കയറുകയും ഭർത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.