രപ്തിസാഗറിന്റെ സമയദോഷം തുടരുന്നു; ഇന്നലെ വൈകിയതു 13 മണിക്കൂർ

ആലപ്പുഴ ∙ സമയ ക്രമീകരണത്തിനു കുപ്രസിദ്ധി നേടിയ തിരുവനന്തപുരം–ഗൊരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇന്നലെ പുറപ്പെടാൻ വൈകിയതു 13 മണിക്കൂർ 45 മിനിറ്റ്. 

രാവിലെ 6.15നു പുറപ്പെടേണ്ട ട്രെയിനിന്റെ സമയം രാത്രി എട്ടിലേക്കു പുനഃക്രമീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിൻ വൈകിയതാണു സമയം മാറ്റേണ്ടതിന്റെ കാരണമായി റെയിൽവേ വ്യക്തമാക്കിയത്.

 കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഷെഡ്യൂളുകളിൽ ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നതു പുനഃക്രമീകരിച്ചത് 9 തവണയാണ്. ഇതിൽ 17 മണിക്കൂർ വൈകി ട്രെയിൻ പുറപ്പെട്ട സംഭവവുമുണ്ട്.

ഗൊരഖ്പുർ നിന്നു തിരുവനന്തപുരത്തേക്ക് എത്തുന്ന ട്രെയിൻ ശരാശരി 6 മണിക്കൂറോളം വൈകിയാണ് എത്തുന്നത്. ട്രെയിനിന്റെ വൈകിയോട്ടം പരിഹരിക്കുന്നതിനായി രണ്ടു മാസം മുൻപ് ഒരു ഷെഡ്യൂൾ റദ്ദാക്കി ട്രെയിൻ കൃത്യസമയത്ത് ഓടിച്ചിരുന്നു.

എന്നാൽ അതും ഫലം കണ്ടില്ല. ഓട്ടത്തിനിടയിൽ ട്രെയിൻ വീണ്ടും വൈകിക്കൊണ്ടിരുന്നു. ഈമാസം 2നും 12നും ട്രെയിൻ പുനഃക്രമീകരിച്ചിരുന്നു. ഓഗസ്റ്റിൽ മൂന്നു തവണയും ജൂലൈയിൽ നാലു തവണയും ഇങ്ങനെയുണ്ടായി.

ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 6.15ന് ആണു ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ടത്.

നോർത്ത് ഈസ്റ്റേൺ റെയിൽവേ സോണിന്റെ ചുമതലയിലുള്ള ട്രെയിനാണു തിരുവനന്തപുരം–ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ്. തിരുവനന്തപുരത്തു നിന്നു കാൺപുർ, ലക്നൗ തുടങ്ങിയ നഗരങ്ങളിലേക്കുള്ള ഏക ട്രെയിൻ കൂടിയാണിത്.