ആംബുലൻസ് ബൈക്കിലിടിച്ച‍് യുവാവ് മരിച്ചു

അപകടത്തിൽപെട്ട ബൈക്ക്, സജീവ്

ചങ്ങനാശേരി ∙ രോഗിയുമായി പോയ ആംബുലൻസ് ബൈക്കിലിടിച്ചു യുവാവ് മരിച്ചു. വാഴപ്പള്ളി പുതുപ്പറമ്പിൽ ശശിയുടെ മകൻ സജീവ് (28) ആണു മരിച്ചത്. ഇന്നലെ രാത്രി 10ന് എംസി റോഡിൽ വേഴയ്ക്കാടിനു സമീപമായിരുന്നു അപകടം. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി തിരുവല്ലയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയതാണ് ആംബുലൻസ്. അപകടത്തെതുടർന്ന് നിർത്തിയ ആംബുലൻസ് പൊലീസും നാട്ടുകാരും എത്തിയ ശേഷമാണ് രോഗിയുമായി യാത്ര തുടർന്നത്. 

പരുക്കേറ്റ സജീവിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. അപകടകാരണം വ്യക്തമാകുന്നതിനു വിശദമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.