തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസും യുഡിഎഫും; സ്ഥാനാർഥിത്വ നിർണയം നേരത്തേയാകും

തിരുവനന്തപുരം∙ കെപിസിസിയുടെ പുതിയ ടീം നാളെ ചുമതലയേൽക്കുന്നതോടെ കോൺഗ്രസും യുഡിഎഫും ലോക്സഭാ തിരഞ്ഞെടുപ്പിനു കച്ചമുറുക്കും. യുഡിഎഫ് നേതൃയോഗവും യുഡിഎഫിന്റെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവൻഷനും നാളെത്തന്നെ വച്ചിട്ടുള്ളത് ഈ ഉണർവു ലക്ഷ്യമിട്ടാണ്. സ്ഥാനാർഥി നിർണയവും നേരത്തേ വേണമെന്നാണു ഹൈക്കമാൻഡിന്റെ സന്ദേശം.

16 ലോക്സഭാ മണ്ഡലങ്ങളിൽ ആദ്യവട്ട നേതൃകൺവൻഷൻ പൂർത്തിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ യോഗങ്ങളിലും പങ്കെടുത്തു. നിയോജക മണ്ഡലംതല യുഡിഎഫ് കൺവൻഷനുകളുടെ തീയതിയുമായി. നാളെ വൈകിട്ട് ആറിനു ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം പാർട്ടിതല പരിപാടികൾ തീരുമാനിക്കും. മറ്റു കെപിസിസി ഭാരവാഹികൾ‍ ഒക്ടോബർ പകുതിയോടെയെങ്കിലും വരും. മലപ്പുറവും പൊന്നാനിയും നിലനിർത്താനുള്ള തയാറെടുപ്പുകൾ മുസ്‍ലിം ലീഗ് തുടങ്ങി. രണ്ടിടത്തും ബൂത്ത് കൺവീനർമാരെ വരെ നിശ്ചയിച്ചു. എംഎൽഎമാരായ അബിദ് ഹുസൈൻ തങ്ങൾ, എൻ.ഷംസുദീൻ (പൊന്നാനി), എം.ഉമ്മർ, പി.അബ്ദുൽ ഹമീദ്, ടി.വി.ഇബ്രാഹിം (മലപ്പുറം) എന്നിവരെ ചുമതലക്കാരായി നിയോഗിച്ചു.

കോട്ടയം– ഇടുക്കി സീറ്റുകൾ കോൺഗ്രസും കേരള കോൺഗ്രസും വച്ചുമാറാനുളള സാധ്യത ആരും തള്ളുന്നില്ലെങ്കിലും അങ്ങനെയില്ലെന്നാണു നേതാക്കൾ ഇപ്പോൾ പറയുന്നത്. കൊല്ലത്ത് ആർഎസ്പി തന്നെ മത്സരിക്കും. ജനതാദൾ യുഡിഎഫ് വിട്ടതോടെ അവർ കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് സീറ്റ് കോൺഗ്രസിനു തിരികെ ലഭിക്കും. തങ്ങളുടെ സിറ്റിങ് സീറ്റായ കൊല്ലം കഴിഞ്ഞ തവണ ആർഎസ്പിക്കു വിട്ടുകൊടുത്തതു പാലക്കാട് ഏറ്റെടുക്കുന്നതിനു ന്യായവുമായി.

രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിപ്പട്ടിക നീട്ടിക്കൊണ്ടുപോകാതിരിക്കുന്ന രീതിയാണു പിന്തുടരുന്നത്. പൊതുതിരഞ്ഞെടുപ്പിലും ഇതേ ശൈലിയായിരിക്കുമെന്ന സൂചന നേതാക്കൾക്കു ലഭിച്ചതോടെ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. സിറ്റിങ് എംപിമാർ ആകെ 48 പേർ മാത്രമാണെന്നിരിക്കെ അവർക്കു സീറ്റ് നിഷേധിക്കില്ല എന്നാണറിയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ (വടകര), എം.ഐ.ഷാനവാസ് (വയനാട്), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര) എന്നിവർ പാർട്ടിനേതൃത്വത്തിലേക്കു വന്നതോടെ മണ്ഡലത്തിലെ ഇവരുടെ അനിവാര്യത കൂടി കണക്കിലെടുത്താകും തീരുമാനം.

മുല്ലപ്പള്ളിക്ക് ഇന്നു സ്വീകരണം; നാളെ ചുമതല ഏറ്റെടുക്കും

കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാനെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് 1.30നു വിമാനത്താവളത്തിൽ ഡിസിസി സ്വീകരണം നൽകും. നാളെ ഉച്ചയ്ക്കു 12ന് എം.എം.ഹസനിൽനിന്നു ചുമതല ഏറ്റെടുക്കും.