Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുബാൻ അകന്നു, തിത്‍ലി വരുന്നു

cloud

തിരുവനന്തപുരം/പത്തനംതിട്ട ∙ അറബിക്കടലിൽ തീവ്രചുഴലിക്കാറ്റായി മാറിയ ലുബാൻ ഒമാൻ, യെമൻ തീരം ലക്ഷ്യമാക്കി ശക്തിപ്പെടുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ലുബാനു പിന്നാലെ വരുന്ന കാറ്റിനു ‘തിത്‌ലി’ എന്നാവും പേര്. ചിത്രശലഭമെന്നാണ് പാക്കിസ്ഥാൻ നൽകിയ ഈ പേരിന്റെ അർഥം. ലുബാ‍ൻ പടിഞ്ഞാറേക്കു നീങ്ങുന്നതിനാൽ കേരളത്തെയും ലക്ഷദ്വീപിനെയും ബാധിക്കില്ല. എന്നാ‍ൽ, ഒഡീഷ ചുഴലിയുടെ സ്വാധീനം മൂലം കേരളത്തിൽ ചിലയിടങ്ങളിൽ ഏതാനും ദിവസംകൂടി ഇടയ്ക്ക് മഴ ലഭിക്കും. 

ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡീഷ തീരത്തിന് 720 കിലോമീറ്റർ കിഴക്ക് നിലകൊള്ളുന്ന ന്യൂനമർദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷതീരത്തേക്കു കയറും. തീവ്രതയെപ്പറ്റി പറയാറായിട്ടില്ല. ഒരേ സമയം രണ്ട് ചുഴലികൾക്കിടയിൽ പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ വെല്ലുവിളിയായി മാറിയെന്നും നിരീക്ഷകർ പറഞ്ഞു. 

കൊച്ചി തീരത്തുനിന്ന് 1,600 കിലോമീറ്റർ അകലെയാണ് ലുബാൻ ഇപ്പോഴുള്ളത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗമാർജിക്കുന്ന കാറ്റ് ഇന്ന് രാവിലെ അതിശക്തമാകും. 13 ന് വേഗം കുറഞ്ഞ് ഒമാൻ,യെമൻ തീരങ്ങളിലെത്തുമെന്നാണു സൂചന. അറബിക്കടലിലെ തെക്കുകിഴക്കൻ, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായതിനാൽ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്. 

തുലാമഴ വൈകാൻ സാധ്യത 

പത്തനംതിട്ട ∙ തുലാമഴയ്ക്ക് കളമൊരുങ്ങുന്നു എന്ന പ്രവചനം തൽക്കാലത്തേക്കു പിൻവലിച്ച് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). കാലവർഷം ഏതാണ്ട് പൂർണമായും പിന്മാറുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ തുലാമഴയ്ക്കു തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. ലുബാനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലി കൂടി രൂപപ്പെടുന്നത് തുലാമഴയുടെ ചിറകൊടിക്കും. രണ്ടു ചുഴലിയും കൂടി ഈ മേഖലയിലെ നീരാവി വലിച്ചെടുക്കുന്നതിനാലാണ് ഇത്. ഈ സാഹചര്യത്തിൽ ഒഡീഷ തീരത്തെ ചുഴലി കൂടി കെട്ടടങ്ങിയശേഷമേ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴ ശക്തിപ്പെടുകയുള്ളൂ എന്ന് ഇന്നലെ വൈകിട്ടു പുറത്തിറക്കിയ മുന്നറിയിപ്പിൽ ഐഎംഡി അറിയിച്ചു.