Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ: വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദീഖും

amma-lal-cartoon

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കി ജഗദീഷും സിദ്ദീഖും. വനിതാ കൂട്ടായ്മ (ഡബ്ള്യുസിസി) രണ്ടു ദിവസം മുൻപ് ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി  ട്രഷറർ ജഗദീഷ് ‘അമ്മ’ വക്താവെന്ന പേരിൽ രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അനുനയ സമീപനമായിരുന്നെങ്കിൽ അതു പൂർണമായി തള്ളിയും ജഗദീഷിനെത്തന്നെ തള്ളിപ്പറഞ്ഞുമായിരുന്നു ഉച്ചയ്ക്ക് സെക്രട്ടറി  സിദ്ദീഖിന്റെ പത്രസമ്മേളനം. തങ്ങളുടേതാണ് ‘അമ്മ’യുടെ ഔദ്യോഗിക നിലപാടെന്നും പ്രസിഡന്റ് മോഹൻലാലിനോട് ആലോചിച്ചാണ് ഇതെന്നും രണ്ടുപേരും അവകാശപ്പെട്ടു. 

ദിലീപിന്റെ കാര്യത്തിൽ സംഘടനാ നിലപാട് നിയമപ്രകാരമായിരുന്നെന്നു സ്ഥാപിക്കുന്ന ജഗദീഷിന്റെ പത്രക്കുറിപ്പിൽ, വൈകാതെ ജനറൽബോഡി വിളിച്ച് ധാർമികതയിലൂന്നിയ തീരുമാനം കൈക്കൊള്ളുമെന്നും സൂചിപ്പിച്ചു. രാജിവച്ച നടിമാരെ തിരിച്ചെടുക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചതായും ഇതിലുണ്ട്. പക്ഷേ, ദീലിപ് രാജിക്കത്തു നൽകിയ കാര്യം പത്രക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല. 

എന്നാൽ ജനറൽ ബോഡി ഉടൻ വിളിക്കേണ്ട ആവശ്യമില്ലെന്നും രാജിവച്ചവരോടും എതിർത്തു സംസാരിച്ചവരോടും ഒരു സന്ധിയുമില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നു നടി കെപിഎസി ലളിതയും പിൻതാങ്ങി. രാജിവച്ചവർ വീണ്ടും അംഗമാകാൻ അപേക്ഷ നൽകിയാലേ പരിഗണിക്കൂ. ദിലീപ് കഴിഞ്ഞ 10ന് മോഹൻലാലിനു രാജി നൽകിയിരുന്നു. പത്രക്കുറിപ്പിറക്കാൻ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വക്താവല്ല, ട്രഷറർ മാത്രമാണെന്നും സിദ്ദീഖ് പറഞ്ഞു. 

എന്നാൽ ഔദ്യോഗിക നിലപാട് തന്നെയാണു താൻ അറിയിച്ചതെന്നും കാര്യങ്ങൾ മോഹൻലാലിന്റെ അംഗീകാരത്തോടെയാണെന്നും ജഗദീഷ് വീണ്ടും വ്യക്തമാക്കി. അമ്മ നിർവാഹകസമിതിയാണ് തന്നെ വക്താവാക്കിയതെന്നും ജഗദീഷ് പറഞ്ഞു.

ജനറൽ ബോഡി ഉടൻ: ജഗദീഷ്

ദീലിപ് വിഷയം ചർച്ച ചെയ്യാൻ വൈകാതെ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചുകൂട്ടാമെന്നു കരുതുന്നു. സാംസ്കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്ത്, ചട്ടങ്ങൾക്കപ്പുറം ധാർമികതയിലൂന്നിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണു പ്രത്യാശ. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നു മോഹൻലാൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ടുപോകാമെന്നു രേവതിക്കും പാർവതിക്കും പത്മപ്രിയയ്ക്കും ഉറപ്പുനൽകിയതുമാണ്. 

ജനറൽ ബോഡി ഉടനില്ല: സിദ്ദീഖ്

ഉടൻ ജനറൽ ബോഡി വിളിക്കേണ്ട സാഹചര്യമില്ല. ഇല്ലെങ്കിൽ മൂന്നിലൊന്ന് അംഗങ്ങൾ കത്തു നൽകണം. ജൂണിലാവും ജനറൽ ബോഡി.. കുറ്റാരോപിതൻ മാത്രമായ ദിലീപിനെ തള്ളിപ്പറയില്ല. അമ്മയെ അവഹേളിച്ചവർക്കെതിരെ നടപടി സ്വീകരിക്കും. രാജിവച്ചവരെ തിരിച്ചുവിളിക്കുന്ന പ്രശ്നമേയില്ല. അപേക്ഷ നൽകി മാപ്പ് പറഞ്ഞാൽ പരിഗണിക്കാം. അവരെ തിരിച്ചെടുക്കണമെന്നു ജഗദീഷ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിൽ അത് നല്ല മനസ്സ്. ഇക്കാര്യം ജഗദീഷ് മാത്രമല്ലല്ലോ തീരുമാനിക്കുന്നത്? പത്രക്കുറിപ്പിറക്കാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയതായി അറിയില്ല. ജഗദീഷ് വക്താവല്ല. 

‘അമ്മ’യിൽ ഭിന്നത: പാർവതി തിരുവോത്ത്

അമ്മയുടെ ഭരണസമിതിയിൽ തന്നെ ഭിന്നതയാണ്. ഈ നിലപാടിൽ പ്രതീക്ഷയില്ല. ജഗദീഷ് പറഞ്ഞതാണോ സിദ്ദീഖ് പറഞ്ഞതാണോ അമ്മയുടെ ഔദ്യോഗിക നിലപാടെന്നു വ്യക്തമാക്കണം. ഞങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല പറയുന്നത്. അതിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനാണു ശ്രമം.