Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കു തലവേദനയായി അലൻസിയർ പ്രശ്നവും

alencier-1

കൊച്ചി ∙  അഭിനേതാക്കളുടെ  സംഘടനയായ അമ്മയിൽ ദിലീപിനെച്ചൊല്ലിയുള്ള ചേരിതിരിവിനിടെ അടുത്ത പ്രതിസന്ധിയായി  അലൻസിയർ  വിഷയവും. അമ്മ അംഗമായ അലൻസിയർ ലോപ്പസ് അപമര്യാദയായി പെരുമാറിയെന്ന  നടി ദിവ്യ ഗോപിനാഥിന്റെ  വെളിപ്പെടുത്തൽ അദ്ദേഹംതന്നെ ഭാഗികമായി സമ്മതിച്ചതോടെ അമ്മയ്ക്ക് ഈ വിഷയവും പരിഗണിക്കേണ്ടി വരുമെന്നു ഭാരവാഹികൾ  വ്യക്തമാക്കുന്നു. ഗുരുതരമായ  കുറ്റമായതിനാൽ  നടപടിയെടുത്തില്ലെങ്കിൽ അതു സംഘടനയ്ക്കെതിരെ  വീണ്ടും വിമർശനങ്ങൾക്ക് ഇടയാക്കും. നടപടിയെടുത്താൽ അതു ദിലീപിന്റെ കാര്യത്തിലുള്ള സംഘടനാ നിലപാടുമായി  താരതമ്യം ചെയ്യപ്പെടുകയും ചെയ്യും.

സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മോഹൻലാൽ പ്രസംഗിച്ചുനിൽക്കെ അദ്ദേഹത്തിനു നേരെ കൈവിരൽ ചൂണ്ടി വെടിയുതിർക്കുംവിധം ആംഗ്യം കാട്ടിയ സംഭവത്തിൽ അമ്മ നേരത്തെതന്നെ അലൻസിയറോടു വിശദീകരണം തേടിയിരുന്നു.

താൻ മോഹൻലാലിനെ  മോശക്കാരനാക്കാൻ ഉദ്ദേശിച്ചില്ലെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു അലൻസിയറുടെ വിശദീകരണം. എന്നാൽ, ഇതു മുഖവിലയ്ക്കെടുക്കാൻ സംഘടന തയാറായിട്ടില്ല. അടുത്ത നിർവാഹക സമിതി യോഗത്തിൽ അലൻസിയറിൽനിന്നു നേരിട്ടു വിശദീകരണം തേടാനാണു  തീരുമാനം. ഇതിനായി അദ്ദേഹത്തിനു നോട്ടിസ് നൽകും. സ്വാഭാവികമായും  അദ്ദേഹവുമായി ബന്ധപ്പെട്ട മീ ടൂ വിവാദവും നിർവാഹക സമിതി ചർച്ചചെയ്യുമെന്ന് ഒരു ഭാരവാഹി പറഞ്ഞു.

അടുത്ത മാസം 24ന് ആണ് അടുത്ത നിർവാഹക സമിതി യോഗം തീരുമാനിച്ചിട്ടുളളത്. അതിനിടെ അമ്മയിലെ ചേരിപ്പോര് പരസ്യമായ സാഹചര്യത്തിൽ  നാളെ നിർവാഹക സമിതി അംഗങ്ങളുമായി കൊച്ചിയിൽ പ്രസിഡന്റ് മോഹൻലാൽ അനൗപചാരിക  ചർച്ച നടത്തും. വിദേശത്തു പോകുന്ന മോഹൻലാൽ ഏതാനും ആഴ്ചകൾ കഴിഞ്ഞേ മടങ്ങുകയുള്ളൂ. അതിനിടെ പ്രശ്നം കൂടുതൽ രൂക്ഷമാവാതിരിക്കാനുള്ള അനുനയ ചർച്ചകളാകും ഉണ്ടാവുക. വാട്സാപ് ഗ്രൂപ്പിൽ ഭാരവാഹികൾ പങ്കുവച്ച ശബ്ദസന്ദേശങ്ങൾ പുറത്തായതോടെ കൂടുതൽ ജാഗ്രത പാലിക്കാനും പരസ്യപ്രതികരണങ്ങൾ ഒഴിവാക്കാനുമാണ് അദ്ദേഹം നൽകിയ നിർദേശം.

പരാതി ശരി: സംവിധായകൻ

കൊച്ചി ∙ ‘ആഭാസം’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ അലൻസിയർ അപമര്യാദയായി പെരുമാറിയെന്നുള്ള നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ പൂർണമായും ശരിവച്ച് ചിത്രത്തിന്റെ സംവിധായകൻ ജുബിത്ത് നമ്രടത്ത്. അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യയെന്നും മറ്റുള്ളവരുടെ അനുഭവവും പുറത്തുവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

related stories