ശബരിമല: യുവതികളെ തടയാൻ ദേവസ്വം വനിതാ ജീവനക്കാരെ നിയോഗിച്ചു

തിരുവനന്തപുരം∙ ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കുമെന്നു സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെ തുലാമാസ പൂജയ്ക്കു ദർശനത്തിനായി എത്തിച്ചേരുന്ന യുവതികളെ തടയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. തുലാമാസ പൂജയ്ക്കു നട തുറക്കുന്നതിന് ഒരാഴ്ച മുൻപാണ് ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്.

ഹരിപ്പാട് ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ അധികാരപരിധിയിൽ വരുന്ന എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ജീവനക്കാരിയെയും 3 ക്ഷേത്ര ജീവനക്കാരികളെയും ‘കീഴ്‌പതിവ’നുസരിച്ചു പമ്പയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെന്നാണു ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടിവ് ഓഫിസർക്കു നൽകിയ ഉത്തരവിലുള്ളത്.

ശബരിമല ദർശനത്തിനെത്തുന്ന വനിതാ തീർഥാടകരിൽ 10– 50 പ്രായപരിധിക്കാരെ കണ്ടെത്തി മടക്കി അയയ്ക്കുന്ന പ്രവൃത്തിയാണു ‘കീഴ്പതിവു’ സമ്പ്രദായം. ഇവരെ സഹായിക്കാൻ വനിതാ പൊലീസും പുരുഷ ദേവസ്വം ഗാർഡുമാരും ഉണ്ടാകും. 

സന്നിധാനത്തു ശബരിമല അവലോകന യോഗത്തിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിന്റെ വനിതാ ജീവനക്കാർ തടഞ്ഞു നിർത്തി പരിശോധിച്ചിരുന്നു. ഇങ്ങനെ പ്രവർത്തിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.