Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള പുനർനിർമാണ പദ്ധതിയിൽ കൃഷി, മൽസ്യബന്ധന മേഖലകളും

rebuild-kerala

തിരുവനന്തപുരം∙ പ്രളയാനന്തര പുനർനിർമാണ (റീബിൽഡ് കേരള) പദ്ധതിയിൽ കൃഷി, ജലസേചനം, മലയോര വികസനം, മത്സ്യബന്ധനം എന്നീ മേഖലകൾ കൂടി പ്രത്യേകം പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണ പദ്ധതിക്കായി നിയോഗിച്ച വിവിധ സമിതികളുടെ അധികാരം മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു തീരുമാനിച്ചു. ഇതു കൂടി ഉൾപ്പെടുത്തിയാവും ഉത്തരവിറക്കുക.

നേരത്തെ റീബിൽഡ് കേരള പദ്ധതി തയാറാക്കിയപ്പോൾ കൃഷി അടക്കം മേഖലകളെ ജീവനോപാധികളുടെ കൂട്ടത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതു കൂടുതൽ ധനസഹായം ലഭിക്കുന്നതിനും പുനനിർമാണത്തിനും തടസ്സമാകുമെന്നു വിവിധവകുപ്പുകൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേകം ഉൾപ്പെടുത്തിയത്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പദ്ധതി നടത്തിപ്പിനുള്ള ഉപസമിതികൾ വിപുലീകരിക്കാനും തീരുമാനിച്ചു.

ഇന്നലത്തെ മന്ത്രിസഭായോഗം ഏറ്റവുമധികം സമയം എടുത്തു ചർച്ച ചെയ്തത് പുനർനിർമാണത്തെക്കുറിച്ചാണ്. മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിയുടെ നിയന്ത്രണത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അതേസമയം പ്രവർത്തനങ്ങളുടെ പരമാധികാരം മന്ത്രിസഭയ്ക്കാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പ്രവർത്തിക്കും. ഈ സമിതിയിൽ പുതിയതായി ഉൾപ്പെടുത്തിയ മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാകും. പുനർനിർമാണത്തിന് 31,000 കോടി രൂപ വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കേന്ദ്രസഹായത്തിനു പുറമേ വിദേശ സഹായവും തേടാൻ റിപ്പോർട്ട് നിർദേശിച്ചിരുന്നു.

related stories