Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിങ്ങവനം–ചങ്ങനാശേരി രണ്ടാം പാത എട്ടുമാസം വൈകി ‘ഓടുന്നു’

Railway-track

കൊച്ചി ∙ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു മൂലം ചിങ്ങവനം–ചങ്ങനാശേരി രണ്ടാം പാത തുറക്കുന്നത് അനന്തമായി നീളുന്നു. പാത നിർമാണവും വൈദ്യുതീകരണവും പൂർത്തിയായിട്ടും പാത കമ്മിഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നിന്നു ലഭിക്കാത്തതാണു തടസം. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമേ മുഖ്യ സുരക്ഷാ കമ്മിഷണറുടെ പരിശോധന നടക്കൂ. ചെന്നൈ ആസ്ഥാനത്തു നിന്നുളള ജോയിന്റ് ഇൻസ്പെക്‌ഷൻ സർട്ടിഫിക്കറ്റാണു വൈകുന്നത്. ഓപ്പറേഷൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങി വിവിധ വിഭാഗങ്ങളുടെ മേധാവിമാരാണു ഈ സർട്ടിഫിക്കറ്റിൽ ഒപ്പു വയ്ക്കേണ്ടത്. 

കേരളത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഇവർക്കു താൽപര്യമില്ലാത്തതാണു കാര്യങ്ങൾ വഷളാക്കുന്നത്.

2018 മാർച്ചിൽ കമ്മിഷൻ ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്ന ചിങ്ങവനം–ചങ്ങനാശേരി രണ്ടാം പാതയാണു 8 മാസം കഴിഞ്ഞിട്ടും തുറക്കാത്തത്. തിരുവനന്തപുരം നേമം ടെർമിനലിന്റെ ടെൻഡർ നടപടി പൂർത്തിയാക്കുന്നതിലും അനാസ്ഥ പ്രകടമാണ്. കന്യാകുമാരി–തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമത്തു പാത ഇരട്ടിപ്പിക്കാൻ മാത്രമാണ് അനുമതി. ടെർമിനൽ വികസനത്തിനു ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. ഈ ഫയലിലും ദക്ഷിണ റെയിൽവേ അന്തിമ തീരുമാനം എടുത്തിട്ടില്ല.

എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്താനുളള 470 കോടി രൂപയുടെ പദ്ധതി റെയിൽവേ ബോർഡ് അനുമതിക്കായി സോണിൽ നിന്നു ഇതുവരെ സമർപ്പിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയുടെ പിടിപ്പുകേടു മൂലം പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ബോർ‍‍ഡിലെത്താത്തിനാൽ പദ്ധതിയുടെ നോഡൽ ഏജൻസിയായ നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ (എൻബിസിസി) ആദ്യഘട്ടത്തിൽ എറണാകുളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ലക്നൗ, തിരുപ്പതി, ഗോവ, പുതുച്ചേരി സ്റ്റേഷനുകളാണ് ആദ്യം രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുക. എറണാകുളം മാർഷലിങ് യാഡിലെ മൂന്നാം പിറ്റ്‌ലൈൻ നിർമാണവും പണമില്ലാത്തതിനാൽ തീർക്കാൻ കഴിഞ്ഞിട്ടില്ല.