Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങിയേക്കും; തമിഴ്നാട്ടിൽ ഒളിവിലെന്നു സൂചന

sanal-murder-dysp-harikumar

തിരുവനന്തപുരം ∙ നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ കാറിനു മുൻപിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ സസ്പെൻഷനിലായ ഡിവൈ എസ്പി പി. ഹരികുമാർ ഉടൻ കീഴടങ്ങിയേക്കും. ഇടനിലക്കാർ ചില ഭരണകക്ഷി നേതാക്കളുമായും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായും  ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചു. 

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 14 ലേക്ക് മാറ്റിയതാണു ഹരികുമാറിനെ വെട്ടിലാക്കിയത്. പൊലീസ് ഒത്താശയില്ലാതെ ഇത്രയും ദിവസം മുങ്ങിനടക്കാൻ കഴിയില്ലെന്ന സാഹചര്യത്തിലാണു കീഴടങ്ങൽ ആലോചന. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്പി കെ. എം.ആന്റണിയുടെ സംഘം ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും ബന്ധുവീടുകളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാൻ സാധ്യതയുള്ള ചില ക്വാറി ഉടമകളും  നിരീക്ഷണത്തിലാണ്. 

കീഴടങ്ങുമ്പോൾ നെയ്യാറ്റിൻകര ജയിലിലേക്കു റിമാൻഡ് ചെയ്താൽ അവിടെ ഡിവൈഎസ്പിയുടെ ശത്രുക്കൾ ഏറെയുണ്ടെന്നാണ് അടുപ്പക്കാരുടെ ഭയം. അതിനാൽ കൊല്ലം ജില്ലയിൽ കീഴടങ്ങാനാണ് ആലോചന. അതിനു മുൻപേ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. പ്രതി തമിഴ്നാട്ടിലുണ്ടെന്നാണു സംശയം.

നിലവിൽ ഹരികുമാർ മാത്രമാണു കേസിൽ പ്രതി. കൊലക്കുറ്റമാണു (302) ചുമത്തിയിട്ടുള്ളത്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവർ കേസിൽ സാക്ഷിയാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർ ഉൾപ്പെടെ പ്രതികളാകുമോയെന്നതു ഹരികുമാറിന്റെ അറസ്റ്റിനു ശേഷമേ തീരുമാനിക്കൂ. ഇയാളുടെ സർവീസ് റിവോൾവർ സ്റ്റേഷനിൽ തന്നെയുണ്ടെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം അറിയിച്ചു. 

സംഭവശേഷം സുഹൃത്ത് ബിനുവുമായി കാറിൽ രക്ഷപ്പെട്ട ഹരികുമാർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നതിനു മുൻപു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഈ നേതാവ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി പലവട്ടം ഫോണിൽ സംസാരിച്ചു. ഒടുവിൽ സനലിന്റെ മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരീകരിച്ചപ്പോൾ ഈ നേതാവ് തന്നെയാണു ഹരികുമാറിനെ അറിയിച്ചതെന്നും സൂചനയുണ്ട്. അതിനു ശേഷമാണു താൻ തൽക്കാലം മാറിനിൽക്കുന്നെന്നു റൂറൽ എസ്പി അശോക് കുമാറിനെ അറിയിച്ച ശേഷം ഫോൺ ഓഫാക്കി ഹരികുമാർ മുങ്ങിയത്. 

അതിനിടെ, സംഭവത്തിനു ദൃക്സാക്ഷിയായ ഹോട്ടലുടമയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി.‌

ക്രൈംബ്രാഞ്ചിനു ഹോട്ടലുടമ മാഹിൻ മൊഴി നൽകിയ ശേഷമാണു ഗുണ്ടാസംഘം പലവട്ടം ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണു പരാതി. ഇതേത്തുടർന്ന് ഇവർക്കു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നു.