ആൾക്കൂട്ട അതിക്രമത്തിന് ന്യായീകരണമില്ല: െഹെക്കോടതി

കൊച്ചി ∙ ശബരിമലയിലെ ആൾക്കൂട്ട അതിക്രമം ന്യായീകരിക്കാനാകാത്തതെന്നു ഹൈക്കോടതി. വൻതോതിലുള്ള നാശനഷ്ടങ്ങളിൽനിന്ന് വ്യാപ്തി പ്രകടമാണെന്നും അഭിപ്രായപ്പെട്ടു. നിലയ്ക്കൽ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിലെ 17–ാം പ്രതി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളി.

അക്രമങ്ങളിൽ 16.78 ലക്ഷം രൂപയുടെ പൊതുമുതലും 15.5 ലക്ഷത്തിന്റെ സ്വകാര്യമുതലും നശിപ്പിച്ചെന്ന കണക്ക് കോടതി ചൂണ്ടിക്കാട്ടി. 14 പൊലീസുകാർക്കു പരുക്കേറ്റു. ആൾക്കൂട്ടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. 2 പൊലീസ് ബസുകൾ, പൊലീസിന്റെ ഒരു കാർ, മറ്റു 4 വാഹനങ്ങൾ, 12 കെഎസ്ആർടിസി ബസുകൾ, മാധ്യമസ്ഥാപനങ്ങളുടെ 3 വാഹനങ്ങൾ, 3 ക്യാമറകൾ എന്നിവ നശിപ്പിച്ചു.

അറസ്റ്റ് ചെയ്തു കസ്റ്റ‍ഡിയിലുള്ളത് 25 പേർ മാത്രമാണ്. ആൾക്കൂട്ടത്തെ നയിച്ചതു ഹർജിക്കാരനാണെന്നാണു പ്രോസിക്യൂഷൻ ഹാജരാക്കിയ ചിത്രങ്ങൾ വെളിവാക്കുന്നത്. കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാനാകില്ല. രാവിലെ 10നു നിലയ്ക്കലിൽ എത്തിയെന്നും രണ്ടിനു മടങ്ങിയെന്നും 5.30നു തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയെന്നും ഹർജിക്കാരൻ വാദിച്ചു. 5.30നു ശേഷവും നിലയ്ക്കൽ ടവർ ലൊക്കേഷനിലുണ്ടായിരുന്നുവെന്നാണു കോൾ രേഖകൾ.

സംഘർഷമുണ്ടാക്കിയവർ പൊലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമല്ല, ഭക്തരെയും ആക്രമിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. സംഭവസ്ഥലത്തു നിന്നു തന്നെ 5 പേരെ പിടികൂടി. പൊലീസും ചില സംഘാംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ താൻ പെട്ടുപോയതാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.  

ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട് ∙ ശബരിമലയിലെ പ്രതിഷേധം ബിജെപി ആസൂത്രണം ചെയ്തതാണെന്ന പ്രസംഗത്തിന്റെ പേരിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കസബ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു കോഴിക്കോട് സ്വദേശി ഷൈബിൻ നന്മണ്ടയാണു പരാതി നൽകിയത്. 

കേസെടുക്കാമോ എന്നു പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രസംഗിച്ചതു നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടു മാറ്റും.