Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിനെതിരെ പരാതിപ്രവാഹം; ബന്ധുനിയമനത്തിനായി ഒഴിവാക്കിയവരിൽ 2 പേരെ ഡപ്യൂട്ടി മാനേജരാക്കി

K.T. Jaleel

കോഴിക്കോട്∙ ബന്ധുനിയമന വിവാദത്തിൽ കുടുക്കിലായ മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും ആരോപണവുമായി യൂത്ത് ലീഗ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ 2 പേർക്കു കോർപറേഷനിൽതന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു. 

7 പേരാണു ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചത്. അവരിൽ കെ.ടി.അദീബിനെ ജനറൽ മാനേജരായി നിയമിച്ചു. ഒഴിവാക്കിയവരിൽ ഒരാളെ ന്യൂനപക്ഷ കോർപറേഷന്റെ തിരുവനന്തപുരം മേഖലാ ഓഫിസിലും മറ്റൊരാളെ കാസർകോട് ഓഫിസിലും ഡപ്യൂട്ടി മാനേജരായി നിയമിച്ചതായി ഫിറോസ് പറഞ്ഞു. കോർപറേഷന്റെ ചക്കോരത്തുകുളത്തെ ഓഫിസിലെത്തി ഫിറോസ് രേഖകൾ പരിശോധിച്ചിരുന്നു. ഒഴിവാക്കപ്പെട്ടവർക്കു പരാതിയുണ്ടാകാതിരിക്കാനാണു മറ്റു നിയമനം നൽകിയതെന്നും ഫിറോസ് ആരോപിച്ചു. 

അദീബ് തന്റെ ബിസിനസ് അഡ്മിനിസ്ട്രേഷൻ പിജി ഡിപ്ലോമയുടെ തുല്യതാ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്നില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ തടസ്സമില്ലെന്നു നിയമോപദേശം ലഭിച്ചതിന്റെ തെളിവുകൾ ഹാജരാക്കാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. 

രേഖകൾ നൽകരുതെന്ന് മന്ത്രി ഐസക്കിന്റെ പിഎസ് നിർദേശിച്ചെന്ന് ഫിറോസ്

തിരുവനന്തപുരം∙ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന്റെ രേഖകൾ പരിശോധിക്കാൻ നൽകരുതെന്നു മന്ത്രി തോമസ് ഐസക്കിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.അഭിലാഷ് നിർദേശിച്ചതായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു. രേഖകൾ നേരിട്ടു പരിശോധിക്കുന്നതിനു വിവരാവകാശനിയമപ്രകാരം ഫിറോസ് അപേക്ഷിച്ചിരുന്നു.  

കെ.ടി.അബീദിനെ നിയമിക്കുന്നതിനു ധനകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. രേഖകൾ കാണാൻ അവസരം നൽകണമെന്നും അപേക്ഷിച്ചിരുന്നു. വ്യാഴാഴ്ച 12നു ഫിറോസ് ധനകാര്യ വകുപ്പിലെ പൊതുമേഖലാവിഭാഗം കൈകാര്യം ചെയ്യുന്ന സെക്‌‌ഷനിൽ എത്തി. ഉദ്യോഗസ്ഥർ കംപ്യൂട്ടറിൽനിന്നു രേഖകൾ സമാഹരിക്കുകയായിരുന്നു. 

വൈകിട്ട് 4.45ന് കംപ്യൂട്ടറിൽ ‘ഫയൽ പെൻഡിങ്’എന്നു കണ്ടെത്തി. ഈ സമയമാണ് അഭിലാഷ് അവിടെ എത്തി ജീവനക്കാരിയോടു കംപ്യൂട്ടർ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടത്.

related stories