ഓട്ടോ, ടാക്സി നിരക്കു കൂട്ടാൻ ശുപാർശ

തിരുവനന്തപുരം∙ ഓട്ടോ, ടാക്സി നിരക്ക് വർധനയുമായി ബന്ധപ്പെട്ടു ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു ശുപാർശ സമർപ്പിച്ചു. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സി നിരക്ക് 200 രൂപയായും വർധിപ്പിക്കണമെന്നാണ് പ്രധാന ശുപാർശ. എൻജിൻ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 250 രൂപയാക്കണമെന്നും നിർദേശമുണ്ട്.

ശുപാർശകൾ ആദ്യം ഇടതുമുന്നണിയാണ് അംഗീകരിക്കേണ്ടത്. മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കുക. ഇടതുമുന്നണി യോഗത്തിനു കാത്തുനിൽക്കാതെ ശുപാർശ എല്ലാ ഘടകകക്ഷി നേതാക്കളെയും അറിയിച്ച് മന്ത്രിസഭായോഗത്തിൽ അജൻഡയാക്കി കൊണ്ടുവരാനാണ് ഗതാഗതവകുപ്പിന്റെ ശ്രമം. ബസ് നിരക്കു വർധനയുമായി ബന്ധപ്പെട്ട ശുപാർശ 25നകം സമർപ്പിക്കണമെന്നാണ് കമ്മിഷനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.