Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി. അൻവറുടെ ക്രഷർ ഇടപാട്: കേസ് ക്രൈംബ്രാ​ഞ്ചിനു കൈമാറാൻ ഉത്തരവ്

P.V. Anwar പി.വി. അൻവർ

മഞ്ചേരി∙ പി.വി. അൻവർ എംഎൽഎയുടെ മംഗളൂരുവിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാ​ഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പരാതിക്കാരനായ മലപ്പുറം സ്വദേശി സലിം സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് കെ. ഏബ്രഹാം മാത്യവിന്റെ ഉത്തരവ്.

മഞ്ചേരി സിഐ ആണ് കേസ് അന്വേഷിച്ചത്. 2017 ഡിസംബറിൽ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായില്ല. പ്രതി സ്വാധീനമുള്ള വ്യക്തിയാണെന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ ഹർജിക്കാരന്റെ ആവശ്യം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. മംഗളൂരു ബൽത്തങ്ങാടിയിൽ ക്രഷറിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു മലപ്പുറം പട്ടർക്കടവ് സലിമിന്റെ പരാതി.

മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. കരാർലംഘനവുമായി ബന്ധപ്പെട്ട പരാതിയായതിനാൽ സിവിൽ സ്വഭാവമുള്ള കേസാണെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.