Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻവറിന്റെ പാർക്ക് നിരീക്ഷണത്തിലെന്ന് അധികൃതർ

water-theme-park-pv-anwar

കൊച്ചി∙ പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർതീം പാർക്കിൽ നിർമാണങ്ങൾ നടക്കുന്നില്ലെന്നും വെള്ളം ശേഖരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരീക്ഷിക്കുന്നുണ്ടെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ഏജൻസിയുടെ പഠന റിപ്പോർട്ട് കിട്ടിയശേഷം സർക്കാർ തീരുമാനമെടുക്കും വരെ പാർക്കിലെ നിർമാണങ്ങളും നീന്തൽകുളത്തിൽ വെള്ളം നിറയ്ക്കുന്നതും വിലക്കിയിരിക്കുകയാണെന്ന് കോഴിക്കോട് ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ പാർക്ക് പ്രദേശത്തു മണ്ണിടിച്ചിൽ ഉണ്ടായെന്നും സമീപവീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും താമരശേരി തഹസിൽദാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തി. നിർമാണങ്ങൾ നിർത്തിവയ്ക്കാൻ നിർദേശിച്ചു. ഈ വിവരം അറിയിച്ചും ദേശീയ ഏജൻസിയുടെ പഠന റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കലക്ടർ, അഡീ. ചീഫ് സെക്രട്ടറിക്കു കത്തയച്ചിരുന്നു. റിപ്പോർട്ട് കിട്ടുമ്പോൾ സർക്കാർ തീരുമാനമെടുക്കും.

മഴക്കെടുതിയുണ്ടായ ജൂണിൽ പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. പ്രാഥമികപഠനം നടത്തിയ ജില്ലാ ജിയോളജിസ്റ്റും സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് അതോറിറ്റിയും ദേശീയ ഏജൻസിയുടെ പഠനം ശുപാർശ ചെയ്തതായി വിശദീകരണ പത്രികയിൽ പറയുന്നു. ചീങ്കണ്ണിപ്പാലി നിവാസികളുടെ കുടിവെള്ള സ്രോതസ്സായ അരുവിക്കു കുറുകെ തടയണ പണിതതു പരിസ്ഥിതിനാശത്തിനു കാരണമാകുന്നതായി ആരോപിച്ച് ആലുവയിലെ ഓൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.