ഇനിയെന്ത്?: എൻഡിഎ യോഗം ഇന്ന്; യുഡിഎഫ് 19ന്

തിരുവനന്തപുരം ∙ ശബരിമലവിഷയത്തിൽ ഭാവി പരിപാടികൾ രൂപപ്പെടുത്താൻ എൻഡിഎ യോഗം ഇന്നും യുഡിഎഫ് യോഗം 19നും കൊച്ചിയിൽ ചേരും. സംസ്ഥാനത്തിനകത്തും പുറത്തും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നു ബിജെപി വ്യക്തമാക്കി. 

വേറെ വഴിയില്ലായിരുന്നു: രമേശ്

തിരുവനന്തപുരം∙ സർവകക്ഷി യോഗത്തിൽ യുഡിഎഫ് മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും സർക്കാർ തള്ളിയപ്പോൾ ഇറങ്ങിപ്പോവുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാവകാശ ഹർജി നൽകുക, വിധി നടപ്പാക്കൽ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങൾ നിരസിച്ചു.  പ്രശ്നം പരിഹരിക്കാതിരിക്കാൻ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നു വീണ്ടും ബോധ്യമായി.  സർ‍വകക്ഷി യോഗത്തിൽ അഭിപ്രായ സമന്വയത്തിനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഭക്തജനങ്ങളുടെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല – ചെന്നിത്തല പറഞ്ഞു.