Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

balabhaskar-film

തിരുവനന്തപുരം ∙ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതി ഡിജിപി അന്വേഷണ സംഘത്തിനു കൈമാറി.  ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്നു അർജുനിൽ നിന്നു വീണ്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.  ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും ജീവനെടുത്ത അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാണു പരാതിയിലെ ആവശ്യം. അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണു പരാതിയിലുള്ളത്.

അപകടത്തിൽ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്. മകൾ അപകട ദിവസം മരിച്ചിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു താമസിക്കാൻ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു തിടുക്കത്തിൽ രാത്രി യാത്രയ്ക്കു തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണം.  വാഹനം ഓടിച്ചിരുന്നതു ഡ്രൈവർ അർജുനാണെന്നു വ്യക്തമായിരുന്നിട്ടും എന്തിനു പൊലീസിനോടു കള്ളം പറഞ്ഞു എന്നതാണു മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികൾ പരസ്പരവിരുദ്ധമാണ്.

പാലക്കാടുള്ള ആയുർവേദ ആശുപത്രി അധികൃതരാണു അർജുനെ ഡ്രൈവറായി ബാലഭാസ്കറിന്റെ ഒപ്പം അയച്ചത്. ഇതിനെപ്പറ്റിയും സംശയങ്ങളുണ്ട്.

ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്കർ വീണ്ടും കുടുംബത്തോട് അടുത്തതിനു പിന്നാലെയാണ് അപകടമെന്നതും അന്വേഷണം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു. ‌ മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം 24നു രാത്രിയോടെ വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം.

വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉയർത്തിയ സംശയങ്ങൾ വിശദമായി അന്വേഷിക്കാൻ നിർദേശിച്ചതായി ഡിജിപി അറിയിച്ചു. ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്നാണ് നടപടി. അന്വേഷണത്തിൽ ലോക്കൽ പൊലീസിന് ആവശ്യമായ സഹായം നൽകാൻ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.