നഗ്നദൃശ്യം തന്റേതല്ലെന്നു തെളിയിക്കാൻ വീട്ടമ്മ പോരാടിയത് രണ്ടരവർഷം

ശോഭ

കൊച്ചി∙ ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വീട്ടമ്മയ്ക്കു വിജയം. തൊടുപുഴ കരിങ്കുന്നം സ്വദേശിയായ ശോഭ (36) യാണു തന്റെ നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റാണെന്നു ഫൊറൻസിക് പരിശോധനയിലൂടെ തെളിയിച്ചത്. വാട്സാപ് വഴി പ്രചരിച്ച നഗ്നദൃശ്യങ്ങൾ ശോഭയുടേത് അല്ലെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ ‘സി–ഡാക്’ സ്ഥിരീകരിച്ചു. ശോഭയുടെ പോരാട്ടം ‘മനോരമ ന്യൂസ്’ ആണു പുറത്തുകൊണ്ടുവന്നത്. എറണാകുളം സൗത്ത് പോലീസ് നടത്തിയ അന്വേഷണം ഫലംകാണാതെ നീണ്ടുപോയപ്പോൾ ആറുമാസം മുൻപ് ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ ഇടപെടലാണ് നിർണായകമായത്.

സംഭവം ഇങ്ങനെ: വിവാഹശേഷം ശോഭ കൊച്ചിയിലെ ഭർതൃവീട്ടിലായിരുന്നു. ശോഭയുടെ ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ, അടിക്കുറിപ്പു സഹിതം വന്ന നഗ്നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്നു ഭർത്താവിന് തോന്നിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.അന്വേഷണത്തിനൊന്നും കാത്തിരിക്കാതെ ഭർത്താവ് വിവാഹമോചന ഹർജി നൽകി. രാത്രി തന്നെ ശോഭ വീട്ടിൽ നിന്ന് പുറത്തായി. എന്നാൽ, ശോഭ തളർന്നില്ല. പൊലീസിൽ പരാതി നൽകി. സംസ്ഥാന പോലീസിന്റെ ഫോറൻസിക് ലാബിൽ 2 തവണ പരിശോധന നടത്തിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നു ഡിജിപിയെ നേരിട്ടു കണ്ടു പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ദൃശ്യങ്ങൾ സി–ഡാക്കിൽ പരിശോധനയ്ക്കയക്കയച്ചു.

വീട്ടിൽ നിന്നു പുറത്താക്കിയ ശേഷം തന്റെ മൂന്നു മക്കളെ കാണാൻ പോലും അനുവദിച്ചില്ലെന്നു ശോഭ പറഞ്ഞു. ‘അമ്മയുടെ പേരിൽ അവർക്ക് നാളെ അപമാനം ഉണ്ടാകരുത്. അതിനായിരുന്നു ഈ പോരാട്ടം. വേറെ ആരും ഇതിനായി എനിക്കു വേണ്ടി ഓടിനടക്കാൻ ഇല്ല.’ ശോഭ പറഞ്ഞു. ദൃശ്യം പ്രചരിപ്പിച്ച കേസിൽ ആലപ്പുഴ സ്വദേശി ലിറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ശോഭ പോരാട്ടം ഇവിടെ നിർത്തുന്നില്ല. നഗ്നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടതും അതിനു പ്രേരിപ്പിച്ചതും ആരാണ് ? അതു കണ്ടെത്താതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നു ശോഭ പറയുന്നു. 

∙ 'ശോഭ നല്ല മാതൃകയാണ്. ഇത്തരം പരാതിയുള്ളവർ മുന്നോട്ടു വരണം. പൊലീസ് കൂടെയുണ്ടാകും. അന്വേഷണം ഫലപ്രദമല്ലെന്ന് തോന്നുന്ന പക്ഷം എന്നെ നേരിട്ടു സമീപിക്കാം. ഇത്തരം കേസുകളിൽ നീതി നേടിക്കൊടുക്കാനുള്ള സാങ്കേതികത്തികവ് പൊലീസിനുണ്ട്.' - ഡിജിപി ലോക്നാഥ് ബെഹ്റ