മുൻ എംഎൽഎ ഇ. നാരായണൻ നായർ അന്തരിച്ചു

കൊയിലാണ്ടി∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഇ. നാരായണൻ നായർ (88) ചെങ്ങോട്ടുകാവിലെ ഇടവലത്ത് വീട്ടിൽ അന്തരിച്ചു. മലയാള പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായിരുന്നു. 1959ൽ കെപിസിസി അംഗമായി. കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. 1970ൽ കൊയിലാണ്ടി മണ്ഡലത്തിൽനിന്ന് കോൺഗ്രസിന്റെ ആദ്യ ജനപ്രതിനിധിയായി. 77ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കൊയിലാണ്ടി സഹകരണ ബാങ്ക്, കൊയിലാണ്ടി ഗവ. കോളജ്, തിരുവങ്ങൂർ നാളികേര കോംപ്ലക്സ് എന്നിവ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. കോഴിക്കോട് ജില്ലയിൽ ഐഎൻടിയുസി ശക്തിപ്പെടുത്താനും മുന്നിട്ടിറങ്ങി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഭാര്യ: കല്യാണി അമ്മ (റിട്ട. അധ്യാപിക, ചേലിയ യുപി സ്കൂൾ), മകൻ: രഞ്ജിത്ത് (സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ, കൊയിലാണ്ടി), മരുമകൾ: നിഷ (അമൃത വിദ്യാലയം കൊയിലാണ്ടി), സഹോദരിമാർ: അമ്മാളു അമ്മ, പരേതയായ നാരായണി അമ്മ. മുഖ്യമന്ത്രിക്കു വേണ്ടി വടകര ആർഡിഒ വി.പി. അബ്ദുറഹിമാൻ റീത്ത് സമർപ്പിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ അനുശോചിച്ചു.