മന്ത്രി ഐസക്കും ചെന്നിത്തലയും തമ്മിൽ ഫെയ്സ്ബുക്കിൽ പോര്

തിരുവനന്തപുരം∙ശബരിമല വിഷയത്തെച്ചൊല്ലി ഫെയ്സ്ബുക്കിൽ മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്.

തോമസ് ഐസക്: സ്ത്രീകളിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ആർത്താവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ 51 വെട്ടിനെക്കുറിച്ചു പറയുന്ന ‘വാട്ട് എബൗട്ടറി’യെന്ന അടവാണ് പ്രതിപക്ഷനേതാവിന്റേത്. വിഷയത്തിൽ മാത്രം തൊടാതെ ട്രപ്പീസ് കളിക്കുകയാണ് അദ്ദേഹം. വിഷയം ശബരിമല യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോൾ വിഷയം മാറ്റിയിട്ടു കാര്യമില്ല.

നിയന്ത്രണങ്ങളിൽ പൊറുതി മുട്ടി ആർഎസ്എസുകാർ സമരം ഉപേക്ഷിച്ചുപോകുമ്പോൾ അവരുടെ വക്കാലത്ത് എന്തിനാണ് പ്രതിപക്ഷനേതാവ് ഏറ്റെടുക്കുന്നത്? ആർഎസ്എസുകാരായ വത്സൻ തില്ലങ്കരി മുതൽ കെ.സുരേന്ദ്രൻ വരെയുള്ളവർക്കെതിരെ ഒരക്ഷരം പ്രതിപക്ഷനേതാവ് ഉച്ചരിക്കാത്തത് എന്തുകൊണ്ടാണ്?

രമേശ് ചെന്നിത്തല: കാലിയായ കസേരകളെക്കണ്ടു നിർവൃതി അടഞ്ഞതോടെയാണു തോമസ് ഐസക് തന്റെ തട്ടകം ഫെയ്സ്ബുക് പേജാണെന്നു മനസിലാക്കിയത്. ഐസക്കിന്റെ കുറിപ്പു വായിച്ചു ചിരിയാണു വന്നത്. ഞാൻ പറഞ്ഞത് ‘അറം പറ്റും’ എന്നൊക്കെയാണ് ഐസക് എഴുതുന്നത്. വൈരുധ്യാത്മക ഭൗതികവാദത്തിലും ഇടയ്ക്കു നാലാംലോക വാദത്തിലും വിശ്വസിച്ച ഐസക് ‘അറ’ ത്തിലൊക്കെ വിശ്വസിക്കുന്നുവെന്നത് അതിശയിപ്പിക്കുന്നു.

ഐസക്കിന്റെ ഫെയ്സ്ബുക് പേജ് ഒന്നോടിച്ചു നോക്കി. കേരളം ഒരു മാസത്തിലെറെയായി ചർച്ച ചെയ്യുന്ന ഒരു സ്ത്രീപീഡനത്തെക്കുറിച്ച് അതിലൊരു വരിയില്ല. എന്തിന്, സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു പി.കെ. ശശിയെ എന്തിനു പുറത്താക്കിയെന്നു പറയാൻ‍ പോലും ഐസക്കിനു കഴിഞ്ഞിട്ടില്ല.