Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസം: സഹകരണ സ്ഥാപനങ്ങളുടെ ലാഭത്തിൽ കൈവച്ച് സർക്കാർ

x-default

കൊല്ലം ∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ, സഹകരണ ബാങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും ലാഭവിഹിതത്തിലും സർക്കാർ കൈവയ്ക്കുന്നു. ശമ്പളവും പെൻഷനും നൽകാനെന്ന പേരിൽ സഹകരണ ബാങ്കുകളിൽ നിന്നു നേരത്തെ 2,000 കോടി രൂപയിലേറെ കടമെടുത്തതിനു പുറമേയാണിത്.

സംഘങ്ങളുടെയും ബാങ്കുകളുടെയും ഒരു വർഷത്തെ പ്രവർത്തനലാഭത്തിൽ നിന്ന് ഓഹരി ഉടമകൾക്കു ലാഭവിഹിതമായി നൽകാൻ മാറ്റിവയ്ക്കുന്ന തുക പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പ്രളയാനന്തര നവകേരള സൃഷ്ടിക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘കെയർ കേരള’ പദ്ധതിയിലേക്കു നൽകണമെന്നാണു നിർദേശം. ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും ഇതിൽ നിന്ന് ഒഴിഞ്ഞുനിൽക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങൾ സർക്കാർ നിർദേശം നടപ്പാക്കുന്നതോടെ, ഈ വർഷം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഓഹരി ഉടമകൾക്ക് ഒരു പൈസ പോലും ലാഭവിഹിതമായി കിട്ടില്ല.

സാധാരണക്കാരും കർഷകരും പാവപ്പെട്ടവരും ഏറെ ആശ്രയിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കു സർക്കാർ നടപടി പ്രതിസന്ധി സൃഷ്ടിക്കും. ലാഭവിഹിതം വകമാറ്റുന്നതിനെതിരെ പൊതുയോഗങ്ങളിൽ പ്രതിഷേധമുയർന്നാൽ ഭരണസമിതികൾ വെട്ടിലാകും. സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയെടുത്തിട്ടുള്ള സർക്കാർ ജീവനക്കാർക്കും തീരുമാനം അടുത്ത ഇരുട്ടടിയായി. സാലറി ചാലഞ്ച് അനുസരിച്ച് ഒരു മാസത്തെ ശമ്പളം നൽകാൻ തയാറായ ജീവനക്കാർ സഹകരണ സ്ഥാപനങ്ങളിൽ ഓഹരി ഉടമകളാണെങ്കിൽ അവിടുത്തെ ലാഭവിഹിതവും നഷ്ടമാകും. സഹകരണ ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ ഓഹരി എടുക്കേണ്ടി വന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. 

ലാഭവിഹിതം ഓഹരിമൂല്യത്തിന്റെ 20 മുതൽ 25 % വരെ

അടച്ചുതീർത്ത ഓഹരിമൂല്യത്തിന്റെ (പെയ്ഡ് അപ് ഷെയർ ക്യാപിറ്റൽ) 20 മുതൽ 25 ശതമാനം വരെയാണു ലാഭവിഹിതം നൽകാൻ സഹകരണ ബാങ്കുകളും സംഘങ്ങളും മാറ്റിവയ്ക്കുക. കോമൺ ഗുഡ് ഫണ്ട്, റിസർവ് ഫണ്ട്, എജ്യുക്കേഷൻ ഫണ്ട്, പ്രഫഷനൽ എജ്യുക്കേഷൻ ഫണ്ട്, മെംബർ റിലീഫ് ഫണ്ട്, കാർഷിക കടാശ്വാസ ഫണ്ട് തുടങ്ങിയവയിലേക്കുള്ള നിയമാനുസൃതമായ വിഹിതവും ലാഭത്തിൽ നിന്നു വേണം കണ്ടെത്താൻ.

related stories