വനിതാ മതിൽ: എൻഎസ്എസും പങ്കെടുക്കണമെന്നു കോടിയേരി

തൃശൂർ ∙ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീപുരുഷ സമത്വത്തിനുമായി സർക്കാർ നടത്തുന്ന വനിതാ മതിൽ പരിപാടിയിൽ പ്രതിപക്ഷവും എൻഎസ്എസും പങ്കെടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എൻഎസ്എസ് വിട്ടുനിൽക്കുന്നതു ശരിയല്ല. മന്നത്ത് പത്മനാഭൻ ഉയർത്തിയ പാരമ്പര്യമനുസരിച്ച് എൻഎൻഎസ് ആണിതിനു നേതൃത്വം കൊടുക്കേണ്ടിയിരുന്നത്.

ഇതു സിപിഎം പരിപാടിയാണെന്നും അതിനു സർക്കാരിനെ ഉപയോഗിക്കുകയാണെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയല്ല. ശബരിമല വിഷയത്തിൽ കുറച്ചു സ്ത്രീകളെ കൂട്ടുപിടിച്ചു വർഗീയ സംഘടനകൾ ഭരണഘടനാ തത്ത്വത്തിനു ഭീഷണിയുയർത്തുകയാണ്. കേരളം പിന്നോട്ടല്ല, മുന്നോട്ടാണെന്നു പറയാനാണ് ഈ സംഗമം. അതിനു സർക്കാർ മുന്നിട്ടിറങ്ങുന്നതിൽ തെറ്റില്ല. പ്രതിപക്ഷം സഹകരിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. ഇടതുമുന്നണിയിലെ പാർട്ടികളും പോഷക സംഘടനകളുമെല്ലാം വനിതാ മതിലിൽ പങ്കെടുക്കും. ഇതിനായി നാലിന് എൽഡിഎഫ് യോഗം ചേരും.

ഡിജിപി ലോക്നാഥ് ബെഹ്റ, മോദിയേയും അമിത്ഷായേയും സഹായിക്കുന്നവിധം കൈകാര്യം ചെയ്ത ഫയൽ കേന്ദ്ര ആഭ്യന്ത്രസഹമന്ത്രിയായിരിക്കെ കണ്ടുവെന്നു മുല്ലപ്പള്ളി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്. അങ്ങനൊരു ഫയൽകണ്ടിട്ടും എന്തുകൊണ്ടു മുല്ലപ്പള്ളി നടപടി സ്വീകരിച്ചില്ല? താൻ കഴിവുകെട്ട മന്ത്രിയായിരുന്നുവെന്നു വിളിച്ചു പറയുന്നതായി ഇപ്പോഴത്തെ നടപടി.

മോദിയെ കാണുമ്പോൾ മുട്ടുവിറയ്ക്കുന്നത് കോൺഗ്രസ് നേതാക്കന്മാർക്കാണ്. കമ്യൂണിസ്റ്റ് നേതാക്കളും പിണറായി വിജയനും അങ്ങനല്ല. സിപിഎം സഹയാത്രികരായ 2 പേർ ഉൾപ്പെട്ട കവിതാ മോഷണ വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഞാനൊരു കവിയല്ല, അതിനാൽ മറുപടി പറയാൻ അറിയില്ല’ എന്നായിരുന്നു പ്രതികരണം.