Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഗം കൂട്ടാൻ ഇന്ത്യൻ റെയിൽവേ; നിയന്ത്രണങ്ങളിൽ കിതച്ച് കേരളം

railway track

കൊച്ചി ∙ ഇന്ത്യൻ റെയിൽവേ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18ന്റെ പരീക്ഷണയോട്ടം മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ നടത്തുമ്പോൾ കേരളത്തിൽ ട്രെയിനുകൾ 90 കിലോമീറ്റര്‍ വേഗത്തില്‍ പോലും ഓടാന്‍ കഴിയാതെ കിതയ്ക്കുന്നു. തിരുവനന്തപുരം ഡിവിഷനിലാണു പാതകളിലെ സ്ഥിരം വേഗം നിയന്ത്രണങ്ങൾ വില്ലനാകുന്നത്. പാളങ്ങൾ ബലപ്പെടുത്തി കാലാകാലങ്ങളിൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ട എൻജിനീയറിങ് വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണു സ്ഥിതി ഇത്രയും മോശമാകാൻ കാരണം.

കന്യാകുമാരി മുതൽ ഷൊർണൂർ വരെ ഇരുദിശകളിലുമായി 148 സ്ഥിരം വേഗ നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ 59 എണ്ണം പരിഹരിക്കാവുന്നതാണെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ചില നിയന്ത്രണങ്ങൾക്കു 30 വർഷത്തിലേറെ പഴക്കമുണ്ട്. 65, 45, 20, 15 എന്നിങ്ങനെ വഴിനീളെയുള്ള വേഗ നിയന്ത്രണങ്ങൾ മൂലം ട്രെയിനുകൾക്കു തിരുവനന്തപുരം ഡിവിഷനിൽ ശരാശരി 45 മിനിറ്റ് സമയനഷ്ടമുണ്ട്.

കായംകുളം - എറണാകുളം (കോട്ടയം വഴി – 41), തിരുവനന്തപുരം – കൊല്ലം (37), കൊല്ലം - കായംകുളം (26) എറണാകുളം - ഷൊർണൂർ (25) സെക്‌ഷനുകളിലാണു കൂടുതൽ വേഗ നിയന്ത്രണങ്ങൾ. ആലപ്പുഴ റൂട്ടിൽ റെയിൽവേ ഗേറ്റുകളുമായി ബന്ധപ്പെട്ട വേഗ നിയന്ത്രണമാണു വ്യാപകമായുളളത്. മണ്ണിട്ട് പാളത്തിന്റെ വശങ്ങൾ ഉറപ്പിക്കുക, െവളളക്കെട്ടുളള പ്രദേശങ്ങളിൽ പൈലിങ് നടത്തി അടിത്തറ ബലപ്പെടുത്തുക, അലൈൻമെന്റിൽ മാറ്റം വരുത്തുക തുടങ്ങിയവയാണു െചയ്യേണ്ടത്. എറണാകുളം – മുളന്തുരുത്തി രണ്ടാം പാതയിൽ നിർമാണത്തിലെ പോരായ്മകൾ മൂലം തൃപ്പൂണിത്തുറ ഭാഗത്തു 20 കിലോമീറ്ററാണു ട്രെയിനുകളുടെ അനുവദനീയ വേഗം. വളവു കുറച്ചു വേഗം കൂട്ടാൻ ഭൂമി ലഭ്യമാണെങ്കിലും ഡിവിഷൻ അനങ്ങിയിട്ടില്ല.

വേഗം കൂട്ടാതെ ഡിവിഷൻ

പാതകള്‍ പൂര്‍ത്തിയാക്കി നിർമാണ വിഭാഗം കൈമാറുന്നതോടെ ഡിവിഷനാണു പാതയിലെ വേഗം കൂട്ടേണ്ട ചുമതല. ഇതോടൊപ്പം സ്റ്റേഷനുകളിലെ ലൂപ്പ് ലൈനുകളിലെ വേഗം 15ൽ നിന്നു 30 ആക്കി ഉയർത്തണം. ഇടക്കാലത്ത് ഇതിനായി പഠനം നടത്തിയെങ്കിലും ഏതാനും സ്റ്റേഷനുകളിൽ കഴിയില്ലെന്ന കാരണം പറഞ്ഞു സാധ്യമായ സ്ഥലങ്ങളിലും വേഗം കൂട്ടിയിട്ടില്ല.

അതേ സമയം കൊങ്കൺ റെയിൽവേയിലും പാലക്കാട് ഡിവിഷനിലും ലൂപ്പ് ലൈനിലെ വേഗം 30 ആക്കി. ചില വകുപ്പു മേധാവികളുടെ നിസഹകരണമാണു തിരുവനന്തപുരം ഡിവിഷനിൽ ലൂപ്പ് വേഗം വർധിപ്പിക്കാൻ തടസമായത്. ഇലക്ട്രിക്കൽ, എൻജീനിയറിങ് വിഭാഗങ്ങളാണു സ്ഥിരമായി ഇടങ്കോലിടുന്നതെന്നാണ് ആക്ഷേപം. ദക്ഷിണ റെയിൽവേ ഉന്നതരും കേരളത്തിലെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുന്നില്ല.

related stories