Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ കർഷകർക്കു നയാപൈസ സബ്സിഡി നൽകരുത്: പി.സി.ജോർജ്

PC George

തിരുവനന്തപുരം∙ റബർ കർഷകർക്കു നയാപൈസ പോലും സബ്സിഡിയായി നൽകരുതെന്നു പി.സി.ജോർജ് നിയമസഭയിൽ. റബറിനെച്ചൊല്ലി നിയമസഭയിൽ നടന്ന തീപാറിയ ചർച്ചയിലാണു കേരളത്തിൽ റബർകൃഷി അവസാനിപ്പിക്കണമെന്ന നിലപാടുമായി ജോർജ് രംഗത്തെത്തിയത്. ഏതോ സായിപ്പ് മലയാളിയെ പറഞ്ഞു പറ്റിച്ചതാണ് റബർകൃഷി. ഒരിക്കലും ലാഭകരമായി ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.

പരിസ്ഥിതിക്കു ദോഷമായി മാറുന്നതിനാൽ റബർ മരങ്ങൾ വെട്ടിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിന് അത്തരമൊരു നയമില്ലെന്നു മന്ത്രി വി.എസ്.സുനിൽകുമാർ തിരിച്ചടിച്ചു. റബർ കൃഷിയെ സഹായിക്കുന്നതു ദേശീയ നഷ്ടമാണ്. സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്കു നൽകരുതെന്നായിരുന്നു ജോർജിന്റ വാദം.

ആറര ഏക്കർ സ്ഥലത്തെ റബർ വെട്ടിക്കളഞ്ഞു പകരം മറ്റു കൃഷി ആരംഭിച്ചതിനാൽ അടുത്ത 10 വർഷത്തിനിടയിൽ ഓരോ ഏക്കറിൽ നിന്നും 16 ലക്ഷം രൂപ വീതം കിട്ടുമെന്നും ജോർജ് ചൂണ്ടിക്കാട്ടി. റബറിനു പകരം കടുക്കാകൃഷി നടത്താമെന്ന ജോർജിന്റെ യുക്തി നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന്റെ വാലായിരുന്ന ഒരാൾ ഇത്തരമൊരു നിലപാട് എടുത്തത് അൽഭുതപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.