Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തര പുനർനിർമാണം: ലോകബാങ്കിന്റെ 4096 കോടി വ്യവസ്ഥകളില്ലാതെ

world-bank

തിരുവനന്തപുരം ∙ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ ലോകബാങ്ക് വാഗ്ദാനം ചെയ്ത 3568 കോടി രൂപ പണമായിത്തന്നെ നേരിട്ടു സംസ്ഥാന ബജറ്റിലേക്ക്. വിവിധ പദ്ധതികൾക്കായി ഘട്ടംഘട്ടമായും കർശന വ്യവസ്ഥളോടെയും സഹായം അനുവദിക്കുന്നതാണു ലോകബാങ്കിന്റെ രീതിയെങ്കിലും ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കേരളത്തിലെ പ്രളയത്തെ പരിഗണിച്ചാണു ഡവല്പമെന്റ് പോളിസി വായ്പാ ഗണത്തിൽപെടുത്തി പണമായിത്തന്നെ നൽകുന്നത്. തീരുമാനം ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അടുത്ത മാസം മന്ത്രി ടി.എം.തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ ലോകബാങ്കിന്റെ വിഹിതവും ഉൾപ്പെടുത്തിയേക്കും.

ലോകബാങ്കിന്റെ പണം ഉപയോഗിച്ച് ഏതൊക്കെ പദ്ധതികൾ നടപ്പാക്കണമെന്നു തീരുമാനിക്കാനുള്ള പൂർണസ്വാതന്ത്യ്രം സംസ്ഥാനത്തിനു ലഭിക്കുമെന്നതാണു നേട്ടം. ഉത്തരാഖണ്ഡിന് കഴിഞ്ഞ സെപ്റ്റംബറിൽ 528 കോടി കോടി രൂപ ഉപാധികളില്ലാ വായ്പയായി ലോകബാങ്ക് നൽകിയിരുന്നു. 6% എന്ന കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങുക എന്ന നടപടി മാത്രമാണ് ഇനി ബാക്കി. അടിയന്തര പുനർനിർമാണ പദ്ധതികൾക്കു ചെലവിടാനായി 392 കോടിയുടെ ലോകബാങ്ക് വായ്പയും ഉടൻ ലഭിക്കും.

കെഎസ്ടിപിടി രണ്ടാം ഘട്ടത്തിനു വേണ്ടി അനുവദിച്ചിരുന്ന 321 കോടിയും ദുരന്തനിവാരണ പദ്ധതിക്ക് മാറ്റിവച്ച 71 കോടിയും വകമാറ്റിയാണ് പൊതുമരാമത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിൽ തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ നൽകുന്നത്. ഇത് ഉപാധികളില്ലാ വായ്പയായിത്തന്നെ നൽകുമെന്നു ലോകബാങ്ക് സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. ദുരന്ത നിവാരണത്തിനു മാത്രമായി നൽകുന്ന ഇത്തരം വായ്പകൾ നേടിയെടുക്കാൻ പദ്ധതിരേഖ സംസ്ഥാന സർക്കാർ അതിവേഗം നൽകേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശുപാർശ തയാറാക്കുന്ന തിരക്കിലാണിപ്പോൾ സർക്കാർ.

ഇനി തകരാത്ത റോഡുകൾ

വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ വന്നാൽ തകരാത്ത റോഡുകളും പാലങ്ങളുമാണ് ലോകബാങ്ക് വായ്പ ഉപയോഗിച്ചു നിർമിക്കുക. തുടർച്ചയായ മഴയെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന റോഡുനിർമാണ സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണു സർക്കാർ. മലേഷ്യയിലെ മൈറോഡ്സ് എന്ന സർക്കാർ സ്ഥാപനം വിജയകരമായി നടപ്പാക്കിയ റോഡുനിർമാണ സാങ്കേതിക‌വിദ്യയടക്കം പരിഗണനയിലാണ്. റോഡുകൾ നവീകരിക്കുകയല്ല, പുനർനിർമിക്കുകയാണ് സർക്കാർ ലക്ഷ്യം.

related stories