Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നു മതിൽ കെട്ടൂ; സർക്കാർ ജീവനക്കാർക്കു മേൽ ‘വനിതാ മതിൽ’ സമ്മർദം

cartoon-2

തിരുവനന്തപുരം ∙  സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും ‘വനിതാ മതിലി’ൽ പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി സാലറി ചാലഞ്ച് മാതൃകയിൽ സർവീസ് സംഘടനകൾ വഴി ജീവനക്കാർക്കു മേൽ സമ്മർദം ചെലുത്താനാണു നീക്കം. ജീവനക്കാരെ പങ്കെടുപ്പിക്കാൻ സംഘടനകളോട് ആവശ്യപ്പെടണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ആശ–അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകൾ എന്നിവരെയും പങ്കെടുപ്പിക്കാൻ നിർദേശമുണ്ട്.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂർണമായും സർക്കാർ വഹിക്കുമെന്നും തുക അനുവദിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. ആളെ ചേർക്കുന്നതിനും പ്രചാരണ സന്ദേശങ്ങൾ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കാൻ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

നാളെ മുതൽ 12 വരെ കലക്ടർമാർ യോഗം വിളിച്ചു സംഘാടക സമിതികൾക്കു രൂപം നൽകണം. കലക്ടർ സംഘാടക സമിതി കൺവീനറും പൊതുജന സമ്പർക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കൺവീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലൻ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.

ജില്ലകളും ചുമതലയുള്ള മന്ത്രിമാരും

കാസർകോട്– ഇ. ചന്ദ്രശേഖരൻ, കണ്ണൂർ– ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, വയനാട്– രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട്– ടി.പി. രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, മലപ്പുറം– കെ.ടി.ജലീൽ, പാലക്കാട്– എ.കെ. ബാലൻ, കെ.കൃഷ്ണൻകുട്ടി, തൃശൂർ– സി.രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എറണാകുളം– എ.സി. മൊയ്തീൻ, ഇടുക്കി– എം.എം. മണി, കോട്ടയം– പി. തിലോത്തമൻ, ആലപ്പുഴ– ജി. സുധാകരൻ. ടി.എം. തോമസ് ഐസക്, പത്തനംതിട്ട– കെ. രാജു, കൊല്ലം– ജെ. മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരം– കടകംപള്ളി സുരേന്ദ്രൻ.