ഭക്തരെ രാത്രി ശരംകുത്തിയിൽ തടയരുതെന്നു െഹെക്കോടതി

കൊച്ചി ∙ ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ ശരംകുത്തിയിൽ രാത്രി 11നു ശേഷം തടയരുതെന്നു ഹൈക്കോടതി. നിരീക്ഷക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാരിക്കേഡുകൾ ക്രമീകരിക്കണം. സാഹചര്യങ്ങൾ സാധാരണ നിലയിലെത്തുന്നതോടെ നിയന്ത്രണങ്ങളിൽ ക്രമേണ ഇളവുവരുത്താൻ ഡിജിപി ഉചിതമായ നിർദേശം നൽകണമെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസിന് ഉചിതമായ നിയന്ത്രണം സാധ്യമാണെന്നും കോടതി പറഞ്ഞു. പമ്പയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന സമിതി ശുപാർശയിൽ ദേവസ്വം ബോർഡ് നിലപാട് അറിയിക്കണം. അപ്പത്തിന്റെയും അരവണയുടെയും അളവും ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധിച്ചുറപ്പാക്കണം. നിലയ്ക്കൽ പൊലീസ് ബങ്കറിലെ വൈദ്യുതി നിരക്കു കുറയ്ക്കാനാകുമോ എന്നു കെഎസ്ഇബി അറിയിക്കേണ്ടതാണ്.

നിലയ്ക്കൽ– പമ്പ റൂട്ടിൽ മടക്ക യാത്രയ്ക്കുൾപ്പെടെ ടിക്കറ്റ് എടുക്കണോ എന്നു തീരുമാനിക്കാൻ ഭക്തരെ അനുവദിക്കണം. ത്രിവേണി ജംക്‌ഷനു തെക്ക് ബസ് വെയ്റ്റിങ് ഷെഡ് നിർമിക്കുന്ന കാര്യത്തിൽ ദേവസ്വം നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വാവർനട, മഹാകാണിക്ക, താഴേതിരുമുറ്റം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ വച്ചു നിയന്ത്രിക്കുന്നുണ്ട്. വാവർ നടയ്ക്കു മുന്നിലുള്ള ഒരു ബാരിക്കേഡ് നീക്കിയാൽ വാവർനട, അപ്പം അരവണ കൗണ്ടർ, മഹാകാണിക്ക എന്നിവിടങ്ങളിലേക്കു പോകാനും മടങ്ങാനും സാധിക്കുമെന്നു സമിതി റിപ്പോർട്ട് നൽകിയിരുന്നു.

താഴേതിരുമുറ്റത്തെ ബാരിക്കേഡ് പുലർച്ചെ 3 മുതൽ 11.30 വരെ നീക്കി, ഭക്തർക്ക് ഇരുമുടിക്കെട്ട് അഴിക്കാനും മറ്റും സൗകര്യമൊരുക്കണം. നിലയ്ക്കൽ– പമ്പ റൂട്ടിൽ മടക്കയാത്രയുടെ ടിക്കറ്റ് കൂടി എടുക്കാൻ നിർബന്ധിക്കുന്നതും കുട്ടികൾക്കു ഫുൾചാർജ് ഈടാക്കുന്നതും അന്യായമാണെന്നു സമിതി കെഎസ്ആർടിസി എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എസി ബസിൽ 75 രൂപ നിരക്ക് കൂടുതലാണെന്നും അറിയിച്ചു. കുട്ടികൾക്കു ഹാഫ് ടിക്കറ്റ് ഏർപ്പെടുത്തിയെന്നും ടിക്കറ്റിന്റെ സാധുത 48 മണിക്കൂർ മാത്രമാക്കിയത് ഒഴിവാക്കിയെന്നും എംഡി പിന്നീട് കത്തിലൂടെ അറിയിച്ചു.