കോൺഗ്രസ് നേതൃ യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗങ്ങൾ ഇന്നു ചേരും. രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനാണ്. അതിനു മുന്നോടിയായി ഡിസിസി പ്രസിഡന്റുമാരുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും ജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെയും സംയുക്ത യോഗം രാവിലെ 11 ന് ചേരും.

മണ്ഡലം പ്രസിഡന്റുമാരുടെ മേഖലാതല യോഗങ്ങൾ പൂർത്തിയായ ശേഷമുള്ള ഭാവി സംഘടനാ പരിപാടികൾ തീരുമാനിക്കാനാണു യോഗങ്ങൾ വിളിച്ചിരിക്കുന്നത്. ബൂത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ തൊട്ടുള്ള നേതൃനിരയാകെ പങ്കെടുക്കുന്ന റാലി ജനുവരിയിൽ കൊച്ചിയിൽ ഉദ്ദേശിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇതിനായി എത്തും.

പാർട്ടിതല അഴിച്ചുപണിയെക്കുറിച്ചുളള ചർച്ചകളും രാഷ്ട്രീയകാര്യ സമിതിയിലുണ്ടായേക്കും. കെപിസിസിക്കു പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നുവെങ്കിലും മറ്റു ഭാരവാഹികളായിട്ടില്ല. അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ടീമിനെ അണിനിരത്താനുള്ള ശ്രമങ്ങളിലാണു പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കോൺഗ്രസിന്റെ നവോത്ഥാനയാത്ര വരുന്നു

സിപിഎമ്മിന്റെയും സർക്കാരിന്റെയും നവോത്ഥാന പ്രചാരണത്തിനു ബദലായി 28നു മണ്ഡലം തലത്തിൽ കോൺഗ്രസിന്റെ നവോത്ഥാനയാത്രകൾ. കോൺഗ്രസിന്റെ സ്ഥാപകദിനമായ അന്ന് ഉച്ചയ്ക്കുശേഷം റാലിയും പൊതുയോഗവുമാണു നിശ്ചയിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിൽ സംസ്ഥാനവ്യാപകമായി ഗൃഹസന്ദർശനം നടത്തിയും കോൺഗ്രസ് നിലപാട് വിശദീകരിക്കും.