കായികരംഗവുമായി ബന്ധമില്ലാത്തവർ ഭരണം പിടിക്കുന്നത് നിർത്തും: ഇ.പി.ജയരാജൻ

തൃശൂർ ∙ കായികരംഗവുമായി പുലബന്ധംപോലുമില്ലാത്തവർ കായികഭരണം പിടിച്ചെടുക്കുന്ന അവസ്ഥ നിർത്തിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. ജില്ലാ സ്പോർട്സ് കൗൺസിൽ പുറത്തിറക്കിയ കായിക ഡയറക്ടറിയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.

‘ചിലർ സ്പോർട്സ് അസോസിയേഷനുകൾ കയ്യടക്കിവച്ചിരിക്കുന്ന അവസ്ഥയുണ്ട്. അസോസിയേഷനുകളുടെ തിരഞ്ഞെടുപ്പിൽ ചിലർ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കായികരംഗത്തു ജനാധിപത്യം പുനഃസ്ഥാപിക്കാൻ കായികപ്രമുഖർ, താരങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനാധിപത്യ രീതിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ, ജില്ലാ കൗൺസിൽ എന്നിവ പുനഃസംഘടിപ്പിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർ കായികരംഗവുമായി നേരിട്ടു ബന്ധമുള്ളവരാകും. പണപ്പിരിവിനു വേണ്ടി അസോസിയേഷനുകളെ ഉപയോഗിക്കുന്നതു നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.