Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഗിരിയിലെ സ്നേഹസംഗമം

Sivagiri

അന്തപ്രജ്ഞയുടെ അറിവു നിറഞ്ഞ പ്രകാശം തേടിയുള്ള യാത്രയാണ് ഓരോ തീർഥാടനവും. അതിനാലത് ആത്മസാഹോദര്യത്തിന്റെ സാക്ഷാത്കാരമാണ്. ശിവഗിരി തീർഥാടനം 86–ാമതു വർഷത്തിലേക്കു കടക്കുകയാണ്. നാട് പലതരം പ്രതിസന്ധികളിൽപ്പെട്ടിരിക്കെ ഈ സ്നേഹസംഗമം സമാശ്വാസം തന്നെയായിരിക്കും.  പരിവർ‌ത്തനങ്ങൾ ഏറെയുണ്ടായാലും മനുഷ്യന്റെ സാമൂഹിക ജിവിതത്തെ ഉറപ്പിച്ചുനിർത്തുന്ന അടിസ്ഥാന ഘടകങ്ങളിൽ മാറ്റമുണ്ടാകില്ല. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ തീർഥാടന ലക്ഷ്യങ്ങളിൽ തന്നെയാവും കേരളത്തിന്റെ പുനഃസൃഷ്ടിക്ക് ആധാരമായ ചർച്ചകളും നടക്കുക.

മനുഷ്യനിലെ ഈശ്വരാംശത്തിൽ നിന്നാണു മതം ആരംഭിക്കുന്നത്. അതു ജീവനെ പ്രപഞ്ചവുമായി കണ്ണിചേർക്കുന്ന ശക്തിയാണ്. ഈ അർഥത്തിലാണു മതം സാർവലൗകികവും ആദരണീയവുമാകുന്നത്. ‘ഒരു ജാതി ഒരു മതം ഒരു ദൈവ’മെന്നു ശ്രീനാരായണഗുരുദേവൻ കൽപ്പിച്ചരുളിയത് ഈ മഹാതത്വം ഉദ്ബോധിപ്പിക്കാനാണ്. ശിവഗിരി തീർഥാടനത്തിന്റെ അന്തർധാരയും ഈ തത്വം തന്നെ. മനുഷ്യമഹത്വമെന്ന നവോത്ഥാന ആശയത്തിനപ്പുറം അതു സമസ്ത പ്രാണിപ്രപഞ്ചത്തിനും സുഖം കാംക്ഷിക്കുന്നു. അന്യർക്കു ഗുണം ചെയ്യണമെന്ന ഉറച്ച മനസ്സും ഒരു ഉറുമ്പിനും പീഢ വരുത്തരുതെന്ന അനുകമ്പയും ചേരുന്നതാണു ഗുരുദർശനം.

മഹത്വമാർന്ന ശങ്കരദർശനത്തിൽ ഊന്നിനിൽക്കുമ്പോഴും രാമാനുജ വീക്ഷണത്തെയും മാധ്വവിചാരത്തെയും ഗുരു സ്വദർശനത്തിൽ സമന്വയിക്കുന്നു. ക്രിസ്തുദേവനെ പരമേശ്വരപുത്രനായും നബിതിരുമേനിയെ മുത്തുനബിയായും ഗുരുദേവൻ വിശേഷിപ്പിക്കുന്നു. മഹാതീർഥാടനത്തിനു നിശ്ചയിച്ചിരിക്കുന്ന സമയം ക്രിസ്തുവർഷം ആണ്ടറുതിയും ആണ്ടു പിറപ്പിനുമിടയിലുള്ള 3 ദിനങ്ങളാണ്. ബുദ്ധദേവന്റെ പഞ്ചശുദ്ധിയും മഞ്ഞവസ്ത്രവും തീർഥാടകരുടെ വ്രതശുദ്ധിയുടെ ഭാഗമാക്കിയിരിക്കുന്നു. ഗുരു ശിവഗിരി തീർഥാടനത്തെ സമന്വയത്തിന്റെയും സമാധാനത്തിന്റെയും സമഭാവനയുടെയും വിശുദ്ധികൊണ്ട് മഹത്വപ്പെടുത്തുന്നു.

പ്രയോജനകരവും പ്രായോഗികവുമായ സമീപനമാണു ഗുരുദേവൻ സ്വീകരിക്കുന്നത്. സസ്യജാലവും ജന്തുവർഗവും പരമസ്വാതന്ത്ര്യമനുഭവിക്കുന്ന വനസ്ഥലികൾ ഗുരുവിനു പ്രിയങ്കരമായിരിക്കുന്നു. സസ്യലോകത്തിന്റെ ചക്രവർത്തിയായി ഗുരു പ്ലാവിനെ സങ്കൽപ്പിച്ചു. ഊണിനു വിഭവങ്ങളും സമസ്ത ജീവികൾക്കും മധുരക്കനിയും തണലും വീടിനു തടിയും ഇലതൊട്ടു വേരുവരെ ഉപയോഗപ്രദമായ ദാനകർണനായ ശ്രേഷ്ഠവൃക്ഷമാണു പ്ലാവ്. ശിവഗിരിമഠത്തിന്റെ മൂർദ്ധാവിൽ സമാധി മന്ദിരത്തിനരുകിൽ ഒരു പ്ലാവ് നിൽക്കുന്നു. അരുവിപ്പുറത്ത് ഒരു പ്ലാവിന്റെ ചുവട്ടിൽ ഡോക്ടർ പൽപ്പുവിനെയും മഹാകവി കുമാരനാശാനെയും ഒപ്പമിരുത്തിയാണ് ഗുരു ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ സംസ്ഥാപനത്തെക്കുറിച്ചുള്ള പര്യാലോചനകൾ നടത്തിയത്.

1928 ജനുവരി പതിനാറിനു കോട്ടയം നാഗമ്പടം ക്ഷേത്രമുറ്റത്തെ മാന്തറയിലിരുന്നാണു ഗുരുദേവൻ ശിവഗിരി തീർഥാനത്തിന് അനുമതിയരുളിയത്. മഹാത്മജിയും ഗുരുദേവനും സംഭാഷണങ്ങളിൽ മുഴുകിയിരുന്നതും മാവിൻചുവട്ടിലായിരുന്നു. സംവാദത്തിനിടയിൽ മാവിലകൾ കടന്നുവരികയും ചെയ്തു. സർക്കാർതലത്തിൽ പ്ലാവ് ഇപ്പോൾ പ്രകീർത്തിക്കപ്പെടുന്നു. തത്വദർശനങ്ങളെയും പ്രകൃതിയെയും കർമപദ്ധതികളെയും ജീവനു പ്രയോജനകരമാക്കുന്ന ആലോചനകളുടെ ഉത്തമദൃഷ്ടാന്തമാണു പ്ലാവിനോടുള്ള മഹാഗുരുവിന്റെ സവിശേഷമായ മമത.

‘ഒട്ടു സന്തുഷ്ടനാണു ഞാനെങ്കിലും സത്യമല്ലതു സന്തുഷ്ടിയെന്നത്’ എന്നു നെരൂദ പാടിയിട്ടുണ്ട്. ക്യാമറയും സെക്യൂരിറ്റിയും ആംബുലൻസും ആശുപത്രിയും കൊണ്ടു സുരക്ഷിതരാകാൻ കൊതിക്കുമ്പോഴും അകാരണമായൊരു ഭയത്തിൽ നാം നിമിഷംപ്രതി അകപ്പെടുന്നു. മനസ്സിന്റെയും ബുദ്ധിയുടെയും സിദ്ധികൾ യന്ത്രങ്ങളിൽ നിക്ഷേപിച്ചു മനുഷ്യൻ സന്തുഷ്ടി വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു. മനുഷ്യൻ അവന്റെ സ്വാഭാവികതയിൽ സ്ഥാപിതനാകുമ്പോഴാണു സംതൃപ്തനാകുന്നത്. ശിവഗിരി തീർഥാടനം മനുഷ്യഭാവങ്ങളുടെ ശുദ്ധീകരണത്തിനും സ്വാഭാവികതയ്ക്കുമാണു പ്രധാന്യം നൽകുന്നത്. നശീകരണത്തിലൂടെയുള്ള വികസനം സമാധാനത്തിനു ചേർന്നതല്ല. സുസ്ഥിര വികസനത്തിനു പാതയൊരുക്കുന്ന സമഭാവനയുടെ സന്ദേശമാണ് ഈ തീർഥാനത്തിന്.

പ്രളയത്തിന്റെ ദുരിതസാഗരം നീന്തികടക്കുകയാണു നാം. അപരവൽക്കരണവും അന്യവൽക്കരണവും വലിയ തോതിലുള്ള നഗരവൽക്കരണവും നമുക്കിടയിൽ അകൽച്ചയുടെ മതിലുകൾ കെട്ടിയിരിക്കുന്നു. ഇനി കാലവർഷവും തുലാവർഷവും കനത്താൽ പ്രളയങ്ങൾ തന്നെ വരും. എങ്കിലും പ്രളയത്തെ നാം ഒരുമകൊണ്ട് അതിജീവിക്കുകയാണ്. ഒരുമയും സംഘടനയുടെ ശക്തിയും ഗുരുവിന്റെ ഉറപ്പുകളുമായിരുന്നു അതിജീവനത്തിനുള്ള ഗുരുമന്ത്രം. ശിവഗിരി തീർഥാടന മഹാസമ്മേളനങ്ങൾ കേരളത്തിന്റെ പുനഃസൃഷ്ടിക്കുതകുന്ന പര്യാലോചനകളുടെ വേദിയായിത്തീരും.