വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി ധർമസംഘം ട്രസ്റ്റ്

Sivagiri
SHARE

വർക്കല∙ ശിവഗിരി തീർഥാടന ദിവസം നവോത്ഥാന മതിൽ ഉയർത്താൻ തീരുമാനിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും. തീർഥാടനത്തിന്റെ സമാപന ദിവസമായ ഇന്നലത്തെ സമ്മേളനങ്ങളിലെ ശുഷ്കമായ സദസ്സിനെ കണ്ടപ്പോഴായിരുന്നു ഈ പ്രതികരണം.

ഗുരുദേവനെ സ്റ്റേജുകളിൽ മഹത്വവൽക്കരിക്കുകയും കാര്യം അടുക്കുമ്പോൾ വിദഗ്ധമായി ഒഴിവാക്കുകയും ചെയ്ത ശേഷം നവോത്ഥാന നായകനെന്നൊക്കെ പറയുകയാണെന്നു സ്വാമി സാന്ദ്രാനന്ദ ചൂണ്ടിക്കാട്ടി. നവോത്ഥാനത്തെക്കുറിച്ചു പറഞ്ഞ ഗുരുവിന്റെ മഹത്തായ സങ്കൽപത്തിൽ ഉടലെടുത്ത തീർഥാടന ദിവസം തന്നെ കൃത്യമായി കണക്കു കൂട്ടി മതിൽ പണിയുന്നു. ആട്ടിയോടിക്കപ്പെട്ടവർക്കു വേണ്ടിയാണു ഗുരു തീർഥാടനം വിഭാവനം ചെയ്തത്. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, ഭൂരിഭാഗം പേരും മതിൽ പണിയാൻ പോയി. മതിലല്ല മറിച്ച്, സമത്വസുന്ദര ലോകമാണു കെട്ടിപ്പടുക്കേണ്ടത്. രാഷ്ട്രീയ താൽപര്യങ്ങൾ ഉപയോഗിച്ചു ജനങ്ങളെ അടിച്ചമർത്തണം, തലപൊക്കരുത് എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

ഗുരുദേവൻ കൽപിച്ച തീർഥാടനത്തിലെ മൂന്നാം ദിവസം ജനങ്ങളെ ശിവഗിരിയിൽ പോകാൻ അനുവദിക്കാതെ തീർഥാടനം ശുഷ്കമാക്കിയപ്പോൾ അവരുടെ അന്തരംഗം സന്തോഷിക്കുന്നുവെന്നു സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഇവരുടെ ലക്ഷ്യം മനുഷ്യൻ നന്നാകലല്ല, നന്നാവരുത് എന്നാണ്. ഇവർക്കു ഗുരുദേവൻ മാപ്പു നൽകട്ടെയെന്നു പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA