മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവിൽ വെടിയേറ്റു മരിച്ചു

ബെംഗളൂരു ∙ തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി, കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു.

രാത്രി എട്ടു മണിയോടെ ഇവരുടെ വസതിയിലേക്ക് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്. ഏഴു തവണ നിറയൊഴിച്ചതായാണു വിവരം. നാലെണ്ണം ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിൽ തറച്ചു. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, സിറ്റി പൊലീസ് കമ്മിഷണർ സുനീൽ കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

തീവ്ര ഹിന്ദുത്വത്തിന്റെ കടുത്ത വിമർശക

ഗൗരി ലങ്കേഷ് ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ പേരിൽ ബിജെപി നേതാക്കൾ നൽകിയ അപകീർത്തിക്കേസിൽ ഇവർ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ആറു മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് മേൽക്കോടതിയെ സമീപിച്ച ഗൗരി ലങ്കേഷിന് അവിടെനിന്ന് ജാമ്യം ലഭിച്ചു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ബെംഗളൂരുവിലെ അവരുടെ വസതിയിലേക്ക് എത്തുന്നവർ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് ‘ലങ്കേഷ് പത്രിക’യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.