കോൺഗ്രസ് നിർജീവം; മൂന്നു മാസത്തിനകം കർണാടകയിൽ ബിജെപി: രാജ്നാഥ്

ബെംഗളൂരു∙ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു. വിഭജിച്ചു ഭരിക്കുകയെന്ന ആശയമാണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും രാജ്നാഥ് ആരോപിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ പരേഷ് മേത്തയും അടുത്തിടെയാണ് കൊല്ലപ്പെട്ടത്. എന്താണ് ഈ സർക്കാർ ചെയ്യുന്നത്? കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ നിയമസംവിധാനങ്ങൾ തകർന്നു. കർണാടകയെ ശാക്തീകരിക്കേണ്ടതുണ്ട്. രണ്ടുമൂന്നു മാസത്തിനകം അത് സാധ്യമാണെന്നും ബെംഗളുരുവിൽ ബിജെപിയുടെ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്ത് രാജ്നാഥ് പറഞ്ഞു.

ഏതാനും മാസങ്ങൾക്കുള്ളിൽ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. സംസ്ഥാനത്തെ അഴിമതിയിൽ മുക്കിയിരിക്കുകയാണ് കോൺഗ്രസ്. സമുദായ മൈത്രി തകർത്തു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടി പയറ്റുന്നത്. സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു. ബിജെപി അധികാരത്തിൽ എത്തിയാൽ ഗൗരി ലങ്കേഷിനും പരേഷ് മേത്തയ്ക്കും നീതി ലഭിക്കും. ആക്രമികളെ ബിജെപി സംരക്ഷിക്കില്ല. കൊലപാതകികളെല്ലാം ജയിലിലാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ടിപ്പു സുൽത്താൻ ജയന്തി വിവാദത്തെ സംബന്ധിച്ചും കേന്ദ്രമന്ത്രി പരാമർശിച്ചു. ചരിത്രത്തിലേക്കു മുങ്ങാൻ ‍താൻ താൽപര്യപ്പെടുന്നില്ല. പക്ഷേ ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. ടിപ്പു ജയന്തിയുടെ പേരിൽ സർക്കാർ എന്തിനാണിത്ര വിവാദമുണ്ടാക്കിയത് ? ഇവിടെ ടിപ്പു മാത്രമേയുള്ളൂ ? കെംപെഗൗഡ, കിട്ടൂർ റാണി ചെന്നമ്മ, സർ വിശ്വേശ്വരയ്യ തുടങ്ങിയവരുടെ പേരിൽ ആഘോഷമില്ലാത്തതെന്ത്? – മന്ത്രി ചോദിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച രാജ്നാഥ്, അദ്ദേഹത്തോട് ചില ചോദ്യങ്ങളും ഉന്നയിച്ചു. ബിജെപി ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുൽ പ്രസംഗിച്ചിരുന്നു. രാജ്യത്ത് വർഗീയതയും തീവ്രവാദവും നക്സലിസവും ഉണ്ടായത് ബിജെപിയുടെ നിലപാടുകൾ കൊണ്ടാണോ? കശ്മീരിലെ പ്രശ്നങ്ങൾക്കു കാരണം ബിജെപിയാണോ? എവിടെയെങ്കിലും സർക്കാർ കലാപത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസാണ്. തീ അണയ്ക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നിരവധി വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ഇന്ത്യയെ ദുർബലരായി ഇപ്പോഴാരും കണക്കാക്കുന്നില്ല. ഇന്ത്യ അതിശക്ത രാഷ്ട്രമാണ്. ആർക്കുമിത് ചോദ്യം ചെയ്യാനാകില്ല. കേന്ദ്രത്തിൽ ബിജെപിയോ മോദിയോ ഇല്ലായിരുന്നെങ്കിൽ ദോക്‌ലാം സംഘർഷം പരിഹരിക്കപ്പെടില്ലായിരുന്നു. ഇന്ത്യയുടെ ശക്തി ചൈനയും മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യ–പാക്ക് അതിർത്തിയിൽ നമ്മുടെ സേന ഏത്ര വലിയ തിരിച്ചടിക്കും ശക്തരാണ്. നമ്മൾ ആദ്യം ആക്രമിക്കില്ല. എന്നാൽ ആരെങ്കിലും ആക്രമിച്ചാൽ വെറുതെ ഇരിക്കുകയുമില്ല– രാജ്നാഥ് വ്യക്തമാക്കി.

മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ മൂഡി ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ അംഗീകരിച്ചു. കള്ളപ്പണം, ബെനാമി സ്വത്ത്, കടലാസ് കമ്പനികൾ തുടങ്ങിയവ തകർക്കാൻ നോട്ടുനിരോധനം സഹായിച്ചു. രാജ്യത്തെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രാജ്നാഥ് പറഞ്ഞു.