മുംബൈ വിമാനത്താവളത്തില്‍ വൻ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ

മുംബൈ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് അറിയുന്നത്. താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിലാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. വലിയ തോതിൽ നാശനഷ്ടമുണ്ടായി.

ടെർമിനലിലെ ഒന്ന് ബിയിലുണ്ടായ തീപിടിത്തം ഒൻപതാം നമ്പർ ഗെയ്റ്റുവരെ പടർന്നു. അപകട കാരണം വ്യക്തമല്ല. എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയോ വിമാന സർവീസുകളെയോ തീപിടിത്തം ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.