Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു തൂക്കുകയര്‍ ഉറപ്പാക്കാൻ നിയമഭേദഗതി: മെഹ്ബൂബ മുഫ്തി

Mehbooba Mufti മെഹ്ബൂബ മുഫ്തി

ശ്രീനഗർ∙ കഠ്‌വയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പിഡിപി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനു ശ്രീനഗറിലാണു യോഗം തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന പിഡിപി നേതാക്കളും പങ്കെടുക്കും.

രണ്ടു ബിജെപി മന്ത്രിമാര്‍ പീഡനക്കേസ് പ്രതികള്‍ക്കു പിന്തുണയര്‍പ്പിച്ചുളള പ്രകടനത്തില്‍ പങ്കെടുത്തതു വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു തൂക്കുകയര്‍ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നു മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ, കശ്മീരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും പുറത്തുവിട്ടതിനു വിവിധ മാധ്യമങ്ങൾക്കു ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. വിവിധ അച്ചടി–ദൃശ്യ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തൽ, ജസ്റ്റിസ് സി.ഹരി ശങ്കർ എന്നിവരുടെ ബെഞ്ചാണ് വിഷയം സ്വമേധയാ ഏറ്റെടുത്തു നോട്ടിസ് അയച്ചത്.

 പീഡനക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയും രേഖകളും സഹിതം ഹര്‍ജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകരോടു പറഞ്ഞു.

ഉന്നാവ, കഠ്‌വ പീഡനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കഠ്‌വ പീഡനക്കേസിലെ പ്രതികള്‍ക്കു തൂക്കുകയര്‍ തന്നെ നല്‍കണമെന്നു കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും ആവശ്യപ്പെട്ടു.