Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കഠ്‌വ പെൺകുട്ടി’യെ അപമാനിച്ചയാളെ പുറത്താക്കിയെന്ന് ബാങ്ക്

Vishnu Nandakumar on Kathua Rape Case

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ സമൂഹമാധ്യമത്തിൽ മോശം പരാമർശത്തിലൂടെ ക്രൂരമായി അപമാനിച്ച  മലയാളിയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കൊട്ടക് മഹീന്ദ്ര ബാങ്കാണ് അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്തിരുന്ന വിഷ്ണു നന്ദകുമാറിനെ പിരിച്ചുവിട്ടത്. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ട വിഷ്ണുവിനെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധം ശക്തമായിരുന്നു.

മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു നന്ദകുമാറിനെ ഏപ്രിൽ 11ന് പുറത്താക്കിയിരുന്നുവെന്നാണ് കൊട്ടക് മഹീന്ദ്ര ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നത്. മുൻ ജീവനക്കാരന്റേതടക്കം ഇത്ര വലിയൊരു ദുരന്തത്തിലുള്ള ഒരാളുടെ മോശം പരാമർശത്തിൽ അപലപിക്കുന്നുവെന്നും കൊട്ടക് മഹീന്ദ്ര കുറിപ്പിൽ അറിയിച്ചു. വിഷ്ണു നന്ദകുമാറിനെ ബാങ്കിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ കൊട്ടക് മഹീന്ദ്രയും ഫെയ്സ്ബുക് പേജിൽ കമന്റിടുകയും റേറ്റിങ് കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്.

‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി… അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. ഇതോടെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. ഫെയ്സ്ബുക്ക് ഗ്രൂപ്പിലായിരുന്നു ഇയാളുടെ കമന്റ്. സംഭവം കൈവിട്ടതോടെ ഇയാൾ ഫെയ്സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്തു മുങ്ങി.

അതോടെ ഇയാള്‍ ജോലി ചെയ്യുന്ന കൊട്ടക് മഹീന്ദ്ര കമ്പനിയുടെ ഫെയ്സ്ബുക് പേജിന്റെ റേറ്റിങ് കുറച്ച് ആളുകൾ പ്രതികരിക്കാൻ തുടങ്ങി. #dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിച്ചത്. അധികൃതർക്ക് കത്തുകൾ അയച്ചും ആളുകൾ പ്രതിഷേധിച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.