Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിചാരണ കശ്മീരില്‍ വേണ്ട; രാഷ്ട്രീയ ഇടപെടല്‍ പേടി: കഠ്‌വ പെണ്‍കുട്ടിയുടെ കുടുംബം

kathua-rape-protest-1 കഠ്‌വയിൽ കൂട്ടമാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധം.

ശ്രീനഗർ∙ രാജ്യത്തെ നടുക്കിയ കഠ്‌വ പീഡനക്കേസിന്റെ വിചാരണ ജമ്മു കശ്മീരിനു പുറത്തുനടത്തണമെന്നു പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികള്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

പൊലീസുകാരടക്കമുള്ളവരെ പ്രതിചേര്‍ത്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചിൽ ബിജെപി മന്ത്രിമാരായിരുന്ന ചന്ദ്രപ്രകാശ് ഗംഗയും ലാല്‍ സിങ്ങും പങ്കെടുത്തതു വൻ വിവാദമായിരുന്നു. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണ് ആ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് എരിവേറ്റി. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നു പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേവലം എട്ടുവയസുമാത്രമുള്ള പെണ്‍കുട്ടിയെ മൂന്ന് തവണയാണു കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംരക്ഷണം നൽകേണ്ട രണ്ടു പൊലീസുകാർ ഉൾപ്പെടുന്ന ആറംഗസംഘമാണു കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കുന്നതിനു മുൻപു കുഞ്ഞിനെ മയക്കുമരുന്നു കുത്തിവച്ചിരുന്നു. അതിനുശേഷം പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ പിന്നീടു ക്ഷേത്രത്തിനുള്ളിലെ ദേവസ്ഥാനത്തുനിന്നിറക്കി കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി.

പിന്നീടു കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ടു രണ്ടുവട്ടം തലയ്ക്കടിച്ചു. തലക്കടിച്ചുകൊല്ലുന്നതിനു മുൻപു പൊലീസുകാരൻ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. ഇത്തരത്തിലാണ് പോസ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും കുട്ടിയുടെ മരണത്തെക്കുറിച്ചു പറയുന്നത്. ജമ്മു കശ്മീരിലെ കഠ്‌വയിലെ രസന എന്ന ഗ്രാമത്തിലാണ് ഇൗ കൊടുംക്രൂരത നടന്നത്.