Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം

psc

തിരുവനന്തപുരം∙ പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു (കൺഫർമേഷൻ) മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനം. ഓഗസ്റ്റ്് 15 മുതലുളള പരീക്ഷകൾക്കു പുതിയ സംവിധാനം നിലവിൽ വരും. പരീക്ഷാ തീയതിക്ക് 70 ദിവസം മുൻപ് പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കും. കലണ്ടറിൽ ഓരോ പരീക്ഷയുടേയും തീയതിക്കൊപ്പം കൺഫർമേഷൻ നൽകുന്നതിനുള്ള തീയതിയും ഉണ്ടാകും.

പരീക്ഷാ തീയതിക്ക് 60 മുതൽ 40 ദിവസം മുൻപു വരെയാണ് ഇതിനു സമയം നൽകുക. ഇങ്ങനെ ‘കൺഫേം’ ചെയ്യുന്നവർക്കു മാത്രമേ ഹാൾ ടിക്കറ്റ് ലഭിക്കൂ. പരീക്ഷാതീയതിക്ക്് 15 ദിവസം മുൻപു മുതൽ പരീക്ഷയുടെ തലേന്നു വരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൺഫർമേഷൻ, ഹാൾടിക്കറ്റ്് ഡൗൺലോഡിങ് എന്നിവ സംബന്ധിച്ച് ഉദ്യോഗാർഥികൾക്കു പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നൽകും. 

പ്രൊഫൈൽ മെസേജ് ഉദ്യോഗാർഥി കണ്ടുവെന്ന് ഉറപ്പാക്കുന്നതിനുളള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. തീയതിയും സമയവും ഉൾപ്പെടെ അറിയാം. കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നൽകും.ഇവർക്കു മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക. അപേക്ഷിക്കുന്നവരിൽ പകുതിയോളം പേരും പരീക്ഷയ്ക്ക് എത്താത്ത സാഹചര്യത്തിലാണ് ചെലവു ചുരുക്കാനായി ഇത്തരമൊരു പരിഷ്കാരം പിഎസ്‌സി നടപ്പാക്കുന്നത്. 

∙ കോളജ് അധ്യാപക തസ്തികകളിൽ പിജിക്കു ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പഠിക്കാൻ അക്കാദമിക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. ചില ഐഐടികൾ മാർക്ക് ഏകീകരിക്കുന്നതിനുള്ള ഫോർമുല നൽകാത്ത സാഹചര്യത്തിലാണ് ഇനി എന്തു വേണമെന്ന് ആലോചിക്കുന്നത്. 

∙ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജിയോഗ്രഫി) ജൂനിയർ തസ്തികയുടെ അദർ ക്രിസ്ത്യൻ വിഭാഗത്തിനു മാറ്റിവച്ച ഒരു ഒഴിവിലേക്കു രണ്ടു തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും യോഗ്യരായവരെ ലഭിക്കാത്തതിനാൽ മാതൃ റാങ്ക് പട്ടികയിലെ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികളിൽ നിന്ന് ഒഴിവ് നികത്തും. 

∙ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനാട്ടമി സീനിയർ ലക്ചറർ (ധീവര), ഇഎൻടി അസിസ്റ്റന്റ്് പ്രഫസർ, ഒഫ്താൽമോളജി സീനിയർ ലക്ചറർ –മുസ്‌ലിം എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 

∙ മുനിസിപ്പൽ കോമൺ സർവീസിൽ ഇലക്ട്രീഷ്യൻ തസ്തികയിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. 

∙ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്് (ഇലക്ട്രോ ഡയഗനോസ്റ്റിക്) തസ്തികയിലേക്കു റാങ്ക്് പട്ടിക പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.