Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിംഗായത്തുകളെ ‘പിടിക്കാൻ’ ബിജെപി; കർണാടകയിൽനിന്നു രാഷ്ട്രീയം ലണ്ടനിലേക്ക്

basaveshwara-statue-amit-shah ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബസവേശ്വര പ്രതിമയിൽ ഹാരാ‍ർപ്പണം നടത്തുന്നു. ചിത്രം: ട്വിറ്റർ

ബെംഗളൂരു∙ കർണാടക തിരഞ്ഞെടുപ്പിന് ഒരുമാസത്തിൽ താഴെ ശേഷിക്കേ ലിംഗായത്ത് – വീരശൈവ വോട്ടുകളിൽ കണ്ണുനട്ട് ബിജെപി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ ബസവേശ്വരയുടെ ജന്മ വാർഷിക ദിനത്തിൽ ബിജെപിയും കോൺഗ്രസും ഒരു അവസരം പോലും നഷ്ടപ്പെടുത്താതിരിക്കാനാണു ശ്രമിക്കുന്നത്. മതന്യൂനപക്ഷ പദവി നൽകി കോൺഗ്രസ് വീശിയ തുറുപ്പുചീട്ടിനു തക്ക മറുപടി നൽകാൻ ബിജെപി കാത്തിരിക്കുകയാണ്. ലണ്ടനിൽ തേംസ് നദീതീരത്തു സ്ഥാപിച്ച ബസവേശ്വര പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹാരാർപ്പണം നടത്തി അനാച്ഛാദനം ചെയ്യും.

അതിനിടെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അങ്ങനെയൊരു അവകാശം നൽകില്ലെന്ന് ബിജെപിയുടെ എംപി നടത്തിയ പ്രസ്താവന വിവാദമായി. സംസ്ഥാനത്തെ ഒരു ബസവേശ്വര പ്രതിമയിൽപ്പോലും ഹാരാർപ്പണം നടത്താൻ സിദ്ധരാമയ്യയെ അനുവദിക്കില്ലെന്നായിരുന്നു ഉഡുപ്പി – ചിക്മഗളൂർ എംപിയായ ശോഭ കരന്തലജെയുടെ വെല്ലുവിളി. കോൺഗ്രസ് പാർട്ടിക്കു വോട്ടുബാങ്ക് ഉണ്ടാക്കാൻ സിദ്ധരാമയ്യ ലിംഗായത്തുകളെയും വീരശൈവരെയും ഭിന്നിപ്പിച്ചെന്നാണ് ആരോപണം. സിദ്ധരാമയ്യ പ്രതിമയെ ഹാരാർപ്പണം ചെയ്യുന്നതിൽനിന്ന് എല്ലാ ലിംഗായത്തുകളും വീരശൈവരും വിലക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ചു പോന്നിരുന്ന ലിംഗായത്ത് – വീരശൈവ സമൂദായത്തെ അവരുടെ ദീർഘകാല ആവശ്യമായിരുന്ന മതന്യൂനപക്ഷ പദവി നൽകി സിദ്ധരാമയ്യ കോൺഗ്രസ് പാളയത്തിലേക്ക് അടുപ്പിച്ചിരുന്നു. ഈ രാഷ്ട്രീയ അടവുനയത്തോടെ ആ സമുദായത്തിനുമേൽ ബിജെപിക്കുണ്ടായിരുന്ന മേൽക്കൈയാണ് നഷ്ടമായത്. ലിംഗായത്ത് സമുദായാംഗമായിരുന്ന ബിജെപിയിലെ ബി.എസ്. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾപോലും അനുവദിക്കാത്ത ആവശ്യമാണു സിദ്ധരാമയ്യ അംഗീകരിച്ചത്.

കോൺഗ്രസിന്റെ ഈ നീക്കം രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്നു ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും വിഷയത്തിൽ കാര്യമായ നേട്ടം കൊയ്യാൻ ബിജെപിക്കായിട്ടില്ല. കഴിഞ്ഞ ഒരു മാസമായി ബിജെപി നേതാക്കളെല്ലാം ലിംഗായത്ത് മഠങ്ങൾ സന്ദർശിക്കുകയും നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. പാർട്ടി അധ്യക്ഷൻ അമിത് ഷായും മഠങ്ങൾ സന്ദർശിച്ചിരുന്നു. അതിനിടെ വിഷയം കോടതിയിലുമെത്തി.

ബസവേശ്വര പ്രതിമയിൽ ഹാരാർപ്പണം നടത്തിയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു കർണാടകയിൽ പര്യടനം ആരംഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി മോദിയും ബസവേശ്വരയെ ട്വിറ്ററിലൂടെ അനുസ്മരിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബസവേശ്വരയെ അനുസ്മരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, ശോഭ കരന്തലജെയുടെ വെല്ലുവിളിയോട‌ു സിദ്ധരാമയ്യ പ്രതികരിച്ചില്ല. എന്നാൽ ബസവേശ്വരയ്യ ശോഭയുടെ സ്വന്തം വകയല്ലെന്നു കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

related stories