സമരം അവസാനിപ്പിച്ചതിൽ സംഘടനയിൽ ഭിന്നതകളുണ്ടെന്ന പ്രചാരണം തെറ്റ‌്: കെജിഎംഒഎ

മലപ്പുറം∙ സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയിൽ (കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ) ഭിന്നതകളുണ്ടെന്ന പ്രചാരണം തെറ്റാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.കെ.റഉൗഫ്. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ ഉറപ്പു കിട്ടിയശേഷമാണു സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കുമരംപുത്തൂരിലെ ഡോക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്നു ഡോക്ടർമാർ മാത്രമുള്ളത്, അവധിയെടുക്കാനും മറ്റും പ്രശ്നമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അതിനും സർക്കാർ പരിഹാരം കണ്ടെത്തി. ദേശീയ ആരോഗ്യ ദൗത്യത്തിലെ (എൻഎച്ച്എം) ഡോക്ടർമാരുടെ പ്രത്യേക സംഘമുണ്ടാക്കി അതിൽനിന്ന് ആളെ വയ്ക്കാനാണു സർക്കാർ സമ്മതിച്ചത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ചു ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം മാത്രമാണ് അംഗീകരിക്കാതിരുന്നത്. സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.