Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ സമരം പൊളിച്ചത് മന്ത്രിയുടെ വിശ്വസ്ത സംഘം

KK Shailaja

കണ്ണൂർ∙ ഡോക്ടർമാരുടെ സമരം സർക്കാർ വരച്ച വരയിൽ അവസാനിപ്പിച്ചത് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ‘കോർ ടീം’. ഏതാനും ഡോക്ടർമാരും ജീവനക്കാരും അടങ്ങുന്ന വിശ്വസ്ത സംഘം നടത്തിയ നീക്കങ്ങളാണു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കിയത്. വെള്ളിയാഴ്ച രാത്രി പൊടുന്നനെ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനോട് ഒരുതരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന് ആദ്യമേ തന്നെ മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചു. ആ നിലപാടിൽ ഉറച്ചുനിന്നു ഡോക്ടർമാരെ പ്രകോപിപ്പിക്കാതെ തന്നെ സമരം പിൻവലിപ്പിക്കാനുള്ള തന്ത്രങ്ങളാണു സംഘം ഒരുക്കിയത്.

ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച അനൗദ്യോഗിക ചർച്ചകൾ പിറ്റേ ദിവസം വൈകിട്ടു വരെ നീണ്ടു. വിശ്വസ്ത സംഘം നിർദേശിച്ച ഏതാനും ഡോക്ടർമാർ സമരക്കാർക്കും സർക്കാരിനുമിടയിൽ മധ്യസ്ഥ ചർച്ചയ്ക്കെത്തി. സിപിഎം പാർട്ടി കോൺഗ്രസിനായി ഹൈദരാബാദിലേക്കു മന്ത്രി പോയാൽ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തൂ എന്നും അതുവരെ സമരം നീണ്ടാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാരോടു വ്യക്തമാക്കിയിരുന്നു. സമരത്തിൽ തുടർന്നാൽ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച് പ്രബേഷൻ കാലയളവിലുള്ള ഡോക്ടർമാർ അടക്കമുള്ളവരെ സമ്മർദത്തിലാക്കുകയും ചെയ്തു. സമരം പ്രഖ്യാപിച്ച രീതിയോട് എതിർപ്പുള്ള ഒരു വിഭാഗം ഡോക്ടർമാർ സംഘടനയ്ക്കുള്ളിലും ഉണ്ടായിരുന്നു. അവരെയും സർക്കാരിന് അനുകൂലമായി ഉപയോഗിച്ചു.

മധ്യസ്ഥ ചർച്ചകൾക്കു ശേഷം തിങ്കളാഴ്ച ഡോക്ടർമാർ മന്ത്രിയുമായി നേരിട്ടു കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ചെങ്കിലും കെ.കെ.ശൈലജ തയാറായില്ല. ആദ്യഘട്ടത്തിൽ പ്രൈവറ്റ് സെക്രട്ടറി പി.സന്തോഷാണു ഡോക്ടർമാരുമായി ചർച്ച നടത്തിയത്. തുടർന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമായും സമരക്കാർ ചർച്ച നടത്തി. സമരം പിൻവലിക്കാൻ അനൗദ്യോഗികമായി ധാരണയായതിനു ശേഷം മാത്രമാണു മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയത്.

സംഘടനാ നേതാക്കൾ ചർച്ചയ്ക്കെത്തുമ്പോഴേക്കും ഇവരുടെ വ്യക്തിപരമായ വിവരങ്ങളും തൊഴിൽവിവരങ്ങളും വിശ്വസ്ത സംഘം മന്ത്രിക്കു കൈമാറി. മന്ത്രി ഇക്കാര്യങ്ങൾ സംഘടനാ പ്രതിനിധികളോടു സൂചിപ്പിക്കുകയും ചെയ്തു. സമരം പിൻവലിക്കാൻ ഔദ്യോഗികമായി ധാരണയായതോടെ ഡോക്ടർമാരെ മുറിയിലിരുത്തി മന്ത്രി പെട്ടെന്നു പുറത്തിറങ്ങി. സമരം വിജയിച്ചതായി ഡോക്ടർമാർ ആദ്യം മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കാനായിരുന്നു ഇത്. സർക്കാർ വിജയിച്ചെന്ന സൂചനകൾ നൽകി കെ.കെ.ശൈലജ മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. ജനങ്ങളെ വലച്ച സമരത്തോട് ഒരുതരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന കർക്കശ നിലപാടിൽ നിന്ന് ഒരടി പോലും പിൻമാറാതെ ഡോക്ടർമാരുടെ സമരം പിൻവലിപ്പിക്കാൻ കഴിഞ്ഞതു വിശ്വസ്ത സംഘത്തിന്റെ വിജയമായിരുന്നു.