Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ പാർട്ടി കോൺഗ്രസ്: പതാകജാഥയ്ക്കു തുടക്കം; ബിനോയ് വിശ്വത്തിനു പന്ന്യൻ രവീന്ദ്രൻ പതാക കൈമാറി

cpi-party-congress-1 സിപിഐ പാർട്ടി കോൺഗ്രസ് പതാകജാഥയ്ക്കു തുടക്കം കുറിച്ച ചടങ്ങിൽനിന്ന്.

കയ്യൂർ∙ കൊല്ലത്ത് 25 മുതൽ 29 വരെ നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക ജാഥ കയ്യൂരിൽനിന്നു പ്രയാണം തുടങ്ങി. കയ്യൂർ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ചൂരിക്കാടൻ കൃഷ്ണൻ നായരുടെ സ്മൃതിമണ്ഡപത്തിൽനിന്നു ജാഥാ ലീഡർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിനു പതാക കൈമാറി ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. സുനീർ, കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാർ, മന്ത്രി ഇ. ചന്ദ്രശേഖരൻ, പി.എ. നായർ എന്നിവർ പ്രസംഗിച്ചു. പതാക ജാഥയ്ക്കു നീലേശ്വരത്ത് ആദ്യ സ്വീകരണമൊരുക്കി. സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ എം. അസിനാർ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം, വി. ചാമുണ്ണി എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജാഥ പര്യടനം നടത്തും.

വേണ്ടതു വിശാല മതേതര ജനാധിപത്യ വേദി: ബിനോയ് വിശ്വം

വിശാല മതേതര ജനാധിപത്യ വേദിയുണ്ടാവേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അനിവാര്യതയാണെന്ന് ബിനോയ് വിശ്വം. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഈ ആശയം മുന്നോട്ട് വയ്ക്കുമ്പോൾ വേണ്ടത്ര പ്രധാന്യം കിട്ടിയില്ല. എന്നാൽ ഇന്ന് ഇന്ത്യ ചർച്ച ചെയ്യുന്നത് ഇത്തരമൊരു വേദിയെ കുറിച്ചാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശാപമായ ബിജെപിയെയും ആർഎസ്എസിനെയും ഈ മണ്ണിൽനിന്നു തൂത്തെറിയാൻ ഇത്തരം കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബദൽ രേഖ പാർട്ടി കോൺഗ്രസിൽ: പന്ന്യൻ രവീന്ദ്രൻ

ബിജെപി രാഷ്ട്രീയത്തിനെതിരെ ഇന്ത്യൻ ജനതയെ യോജിപ്പിക്കാൻ ഒരു ബദൽ രാഷ്ട്രീയ രേഖ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ അറിയിച്ചു. കശ്മീരിൽ ബാലികയെ ക്ഷേത്രത്തിനകത്തു വച്ചു ക്രൂരമായി പീഡിപ്പിച്ചപ്പോൾ പ്രതികരിക്കാൻ തയാറാവാത്ത പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. കയ്യൂർ സമര സഖാക്കൾ തൂക്കിലേറിയ അതേ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.