Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നളിനി നെറ്റോയ്ക്കെതിരേ ക്രിമിനൽ കേസ്: കൂടുതൽ സമയം ചോദിച്ച് ഹർജിക്കാരൻ

nalini-netto നളിനി നെറ്റോ

തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ സാക്ഷിപ്പട്ടിക സമർപ്പിക്കാൻ സമയം വേണമെന്നു ഹർജിക്കാരൻ. പരാതിയുമായി ബന്ധപ്പെട്ട് ഏഴു സാക്ഷികളെ ഹാജരാക്കാൻ ഉണ്ടെന്നും ഇവർക്കുള്ള സമൻസ് കോടതി അയയ്ക്കണമെന്നും ഹർജിക്കാരൻ അറിയിച്ചു. തുടർന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.

കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ പരാതി നൽകിയ സതീഷ് വസന്തിന്റെ മൊഴി കോടതി നേരത്തെ രണ്ടു പ്രാവശ്യം രേഖപ്പെടുത്തിയിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട ഫയലുകൾ നളിനി നെറ്റോ തിരുത്തിയെന്ന് ആരോപിക്കുന്ന രേഖകൾ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ  പൊലീസ് മേധാവി സ്ഥാനത്തു നിന്നു സർക്കാർ മാറ്റിയതിനെതിരായ കേസുകളിൽ മുൻ ഡിജിപി ടി.പി. സെൻകുമാർ ആദ്യം തോൽക്കാനുള്ള കാരണം  ഈ ഫയലുകളിൽ കൃതിമം കാട്ടിയതു കൊണ്ടാണെന്നും വാദി കോടതിയിൽ മൊഴി കൊടുത്തു.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ടി.പി.സെൻകുമാർ ഒൻപതു നിർദേശങ്ങൾ നൽകി. ഇതിൽ കൊല്ലം പൊലീസ് കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. നിർദേശങ്ങളടങ്ങിയ പേജിൽ മാറ്റം വരുത്തി അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിനു റിപ്പോർട്ടു നൽകിയെന്നാണ് ആരോപണം. ഇതിനാലാണു എൽഡിഎഫ് സർക്കാർ വന്നയുടൻ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.