Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കുലോറികൾ ഇനി ട്രെയിൻ കയറിപ്പോകും; കേരളത്തിലും വരുന്നു ‘റോ–റോ’

RORO-Ro-Ro-Rail റോറോ സർവീസിന്റെ ഗോവയിൽ നിന്നുള്ള കാഴ്ച. ഫയൽ ചിത്രം: റസ്സൽ ഷാഹുൽ

കണ്ണൂർ∙ ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് റെയിൽവേ പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിമാനത്താവളവും തുറമുഖവും പ്രവർത്തനസജ്ജമാകാനിരിക്കുന്ന കണ്ണൂരിൽ റോ–റോ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം വ്യാപാര–വാണിജ്യ സമൂഹം ഉന്നയിച്ചിട്ടുണ്ട്.

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ ഇതു സംബന്ധിച്ചു നേരത്തേ റെയിൽവേയ്ക്കു നിവേദനം നൽകിയിരുന്നു. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ റോ–റോ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. റെയിൽവേ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി വാണിജ്യ–വ്യവസായ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാൻ കൊങ്കൺ റെയിൽവേ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണു റോ–റോ.

വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരു ട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. 

പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു  ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. രാത്രി മാത്രമേ ഓടാവൂ. റോ–റോ ട്രെയിൻ സർവീസ് തുടങ്ങിയാൽ പകലിലും ഓടാമെന്നതിനാൽ ആ വകയിലും സമയലാഭം ഉറപ്പ്.  റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും. 

കൊങ്കൺ കാട്ടിയ വഴി 

കൊങ്കൺ റെയിൽ‌വേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി‍ൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത്കലിൽ നിന്നു റോ–റോ ട്രെയിനിൽ കയറ്റി കാറാഡ് ഇറക്കുകയാണു പതിവ്. തെല്ലും ഗതാഗതക്കുരുക്കില്ലാതെ അറുനൂറോളം കിലോമീറ്ററാണ് ഇങ്ങനെ താണ്ടാൻ കഴിയുന്നത്. 

റെയിൽവേ ഡൽഹി മേഖലയിലും കഴിഞ്ഞ വർഷം റോ–റോ ട്രെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു.  ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നു യുപിയിലെ മുറാദ്നഗറിലേക്കാണു റോ–റോ ട്രെയിൻ ഏർപ്പെടുത്തിയത്. ഡൽഹിയിൽ റോ–റോ സർവീസ് വ്യാപകമാക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഡൽഹിയിലൂടെ പ്രതിദിനം ഓടുന്ന അറുപതിനായിരത്തിലേറെ ചരക്കുവാഹനങ്ങളിൽ മൂന്നിലൊന്നും ഡൽഹിയിലേക്കുള്ളവയല്ല. അവയ്ക്കു തലസ്ഥാന നഗര മേഖലയിൽ നിർത്തേണ്ട ഒരു കാര്യവുമില്ലെങ്കിലും അതുവഴി കടന്നു പോകാതെ വേറെ വഴിയില്ല. അത്രയും ചരക്കുവാഹനങ്ങളുടെ നീക്കം ട്രെയിനിലാക്കിയാൽ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നും റോ–റോ വാദികൾ ചൂണ്ടിക്കാട്ടുന്നു. 

കണ്ണൂർ സൗത്ത് സ്റ്റേഷൻ പരിഗണനയിൽ 

വടക്കേ ഇന്ത്യയിലേക്കും മുംബൈ തുറമുഖത്തേക്കും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചരക്കു നീക്കം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഉത്തര മലബാർ. പ്ലൈവുഡ്, റബർ, കൈത്തറി തുടങ്ങിയ ഉൽ‌പ്പന്നങ്ങൾ കണ്ണൂരിൽ നിന്നു വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ടൈൽസ്, മാർബിൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, സ്റ്റീൽ തുടങ്ങിയവ വൻതോതിൽ ഇറക്കുമതിയായി കണ്ണൂർ, കാസർകോട്, കോഴിക്കോട് മേഖലകളിൽ എത്തുന്നുമുണ്ട്. നൂറുകണക്കിനു നാഷനൽ പെർമിറ്റ് ലോറികളാണ് ഈ ചരക്കുകളുമായി ദേശീയപാതയിലെ കുരുക്കുകൾക്കിടയിലൂടെ കുതിച്ചു പായുന്നത്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും പ്രവർത്തനം തുടങ്ങുന്നതോടെ ചരക്കുനീക്കം ഇനിയും പല മടങ്ങു വർധിക്കുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണു കണ്ണൂരിൽ റോ–റോ സൗകര്യം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. 

RORO Rail റോറോ സർവീസ്. ചിത്രം: റസ്സൽ ഷാഹുൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രാട്രെയിനുകൾക്കുള്ള അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പോലും ആവശ്യത്തിനു സ്ഥലമില്ലാത്ത സാഹചര്യത്തിലാണു കണ്ണൂർ സൗത്ത് സ്റ്റേഷനെ പരിഗണിക്കുന്നത്. റോ–റോ പദ്ധതിക്കാവശ്യമായ റാംപ് സംവിധാനം, വാഹനങ്ങളിലെ ചരക്കുകളുടെ ഉയരവും തൂക്കവും നിജപ്പെടുത്തുന്ന സംവിധാനം തുടങ്ങിയവ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കണ്ണൂർ സൗത്ത് സ്റ്റേഷനാണെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.ത്രിവിക്രമൻ ചൂണ്ടിക്കാട്ടുന്നു.

സൗത്ത് സ്റ്റേഷനിലെ സ്ഥല ലഭ്യത സംബന്ധിച്ചു റെയിൽവേ ഉദ്യോഗസ്ഥർ തൃപ്തി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. റോ–റോ സർവീസ് തുടങ്ങുന്നതു സംബന്ധിച്ചു ചർച്ച ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർ, ലോറി ഉടമകൾ, ലോറി ഏജന്റുമാർ, പ്ലൈവുഡ് വ്യവസായികൾ തുടങ്ങിയവരുടെ യോഗം കഴിഞ്ഞ ദിവസം കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ ചേർന്നിരുന്നു.

related stories