Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് വീണ്ടും കുമ്പിളിൽ വിളമ്പി റെയിൽവേ; അനാവശ്യമായി ട്രെയിൻ റൂട്ടു മാറ്റം

Indian-Railway Representative Image

കൊച്ചി∙ മംഗളൂരു-രാമേശ്വരം ട്രെയിൻ കോയമ്പത്തൂർ വഴി തിരിച്ചു വിടാൻ നീക്കം. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിനു ചുക്കാൻ പിടിക്കുന്നതു ദക്ഷിണ റെയിൽവേയാണ്. റെയിൽവേ ബോർഡ് അംഗീകരിച്ച ട്രെയിൻ കോച്ചുകൾ ലഭിക്കുന്ന മുറയ്ക്കു മാത്രമേ സർവീസ് ആരംഭിക്കുകയുള്ളുവെങ്കിലും അതിനു മുൻപു തന്നെ റൂട്ട് മാറ്റം ഉറപ്പാക്കുന്ന തിരക്കിലാണു ദക്ഷിണ റെയിൽവേ.

2015ൽ ശുപാർശ ചെയ്തപ്പോൾ മംഗളൂരുവിൽനിന്നു പാലക്കാട്, പൊള്ളാച്ചി വഴി സർവീസ് നടത്താൻ തീരുമാനിച്ച ട്രെയിനാണു ഇപ്പോൾ റൂട്ട് മാറ്റി ഒാടിക്കാൻ ശ്രമം നടക്കുന്നത്. മംഗളൂരുവിൽനിന്നു കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി വഴി രാമേശ്വരം പോകേണ്ട ട്രെയിൻ പാലക്കാടുനിന്നു പോത്തന്നൂർ വഴി തിരിച്ചു വിടാനാണു നോക്കുന്നത്. പോത്തന്നൂർ വഴി പോയാൽ കേരളത്തിൽ നിന്നുളളവർ മൂന്നു മണിക്കൂർ അധികം സഞ്ചരിക്കേണ്ടി വരും. ടിക്കറ്റ് നിരക്കിൽ 50 രൂപയുടെ വർധനയും ഉണ്ടാകും. കോയമ്പത്തൂരിൽനിന്നു രാമേശ്വരത്തിനു പ്രതിവാര സർവീസ് ഉണ്ടെന്നിരിക്കെയാണു കേരളത്തിൽ നിന്നുള്ള ട്രെയിൻ അനാവശ്യമായി വഴി തിരിച്ചു വിടാൻ ചിലർ ശ്രമിക്കുന്നത്.

കഴിഞ്ഞിടെ കോയമ്പത്തൂരിൽനിന്നു പാലക്കാട്, പൊള്ളാച്ചി വഴി പ്രഖ്യാപിച്ച ചെങ്കോട്ട, തിരുനെൽവേലി ട്രെയിനുകൾ പാലക്കാട് വഴി പോകുന്നതു തങ്ങൾക്കു നഷ്ടമാണെന്നു പറഞ്ഞു അവിടെയുള്ളവർ ബഹളം വച്ചതോടെ പാലക്കാട് ഒഴിവാക്കി പോത്തന്നൂർ വഴിയാക്കിയിരുന്നു. സേലം ഡിആർഎമ്മാണ് ഇതിനു മുൻകൈയെടുത്തത്. അതേ ന്യായം കേരളത്തിനും ബാധകമല്ലേയെന്നാണു യാത്രക്കാരുടെ ചോദ്യം.

മംഗളൂരു-രാമേശ്വരം ട്രെയിൻ പോത്തന്നൂർ വഴി തിരിച്ചു വിട്ടാൽ മംഗളൂരു മുതൽ പാലക്കാട് വരെയുള്ള യാത്രക്കാരാണു ദുരിതം അനുഭവിക്കേണ്ടത്. പോത്തന്നൂർ വഴി ട്രെയിനോടിക്കാനാണെങ്കിൽ 400 കോടി രൂപ ചെലവിൽ പാലക്കാട് -പൊള്ളാച്ചി പാത ബ്രോഡ്ഗേജാക്കിയതെന്തിനാണെന്നും യാത്രക്കാർ ചോദിക്കുന്നു. പാത തുറന്നു മൂന്നു കൊല്ലം കഴിഞ്ഞിട്ടും മീറ്റർ ഗേജ് കാലത്തുണ്ടായിരുന്ന ട്രെയിനുകൾ പോലും പുനസ്ഥാപിച്ചിട്ടില്ല. ഒരു പാസഞ്ചറും ഒരു പ്രതിവാര ട്രെയിനും രണ്ടു എക്സ്പ്രസുകളും മാത്രമാണു പാലക്കാട് പൊള്ളാച്ചി റൂട്ടിൽ ഒാടുന്നത്. ബ്രോഡ്ഗേജായി കഴിഞ്ഞാൽ തേനും പാലും ഒഴുകുമെന്നു പറഞ്ഞവരെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ല. പാലക്കാട്, ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ ഇല്ലാത്ത ഡിവിഷൻ ആസ്ഥാനമായതിനാൽ ചെന്നൈയിലേയും തിരുവനന്തപുരത്തേയും പിറ്റ് ലൈനുകളെ ആശ്രയിച്ചാണു ഇപ്പോൾ ഇവിടേക്കു ട്രെയിനോടിക്കുന്നത്.

പാലക്കാട് ഡിവിഷനിൽ പയ്യന്നൂരിലും പാലക്കാട് ടൗണിലും പിറ്റ്‌ലൈൻ നിർമാണത്തിനു ഭൂമി ലഭ്യമാണെങ്കിലും റെയിൽവേ അതിനു ശ്രമിക്കുന്നില്ല. പാലക്കാട് ബൈപ്പാസ് ലൈൻ ശുപാർശയും കടലാസിൽ മാത്രമാണുള്ളത്. ബൈപ്പാസ് നിലവിൽ വന്നാൽ എൻജിൻ മാറ്റം ഒഴിവാക്കി പൊള്ളാച്ചി ലൈനിലേക്കു ട്രെയിനുകൾക്കു നേരിട്ടു പ്രവേശിക്കാൻ കഴിയും. പാലക്കാട്-ചെന്നൈ എഗ്‌മോർ (പൊള്ളാച്ചി, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി വഴി), ഗുരുവായൂർ-പഴനി ഡെമു, പാലക്കാട്-രാമേശ്വരം, കണ്ണൂർ -മധുര ട്രെയിനുകൾ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, എറണാകുളം-രാമേശ്വരം പ്രതിവാര എക്സ്പ്രസ് എന്നിവയുടെ വേഗം കൂട്ടി സമയം പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അസമയത്താണു എറണാകുളം രാമേശ്വരം ട്രെയിൻ പാലക്കാട് എത്തുന്നത്. രാത്രി എട്ടരയ്ക്കു എറണാകുളത്തു നിന്നു പുറപ്പെട്ടു രാവിലെ ഏഴരയോടെ രാമേശ്വരത്ത് എത്തുന്ന രീതിയിൽ ട്രെയിനോടിച്ചാൽ മാത്രമേ യാത്രക്കാർക്കു പ്രയോജനം ചെയ്യൂ. കഴിഞ്ഞ വർഷം ഞായറാഴ്ചകളിൽ ഒാടിച്ച ട്രെയിൻ ഇത്തവണ ചൊവ്വാഴ്ചകളിലാണു സർവീസ് നടത്തുന്നത്. എന്നിട്ടും മികച്ച പ്രതികരമാണു സർവീസിന് ലഭിക്കുന്നത്. ഇത് പ്രതിദിന സർവീസാക്കി മാറ്റണമെന്നാവശ്യപ്പെട്ടു യാത്രക്കാരുടെ സംഘടനകൾ റെയിൽവേയ്ക്കു നിവേദനം നൽകിയിട്ടുണ്ട്.  

related stories