Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍; കാട്ടിലെത്തിച്ചത് യോഗ പരിശീലകനെന്നും സൂചന

liga-case-3 ലിഗയെ കാണാതായതായി വ്യക്തമാക്കി പതിച്ച പോസ്റ്ററുകൾ.

തിരുവനന്തപുരം∙ വിദേശ വനിത ലിഗയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരെന്നു സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നാണ് ലഭിക്കുന്ന സൂചന. വള്ളത്തിൽനിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു.

Read: "കാരിരുമ്പിന്റെ ശക്തി, അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാൻ ശേഷി": കസ്റ്റഡിയിലായ യോഗാ വിദ്വാന് ‘ഗോലിയാത്തിന്റെ’ കരുത്ത്

ലിഗ കൊല്ലപ്പെട്ടതു സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു. കഴുത്തിലേറ്റ ക്ഷതം മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല, ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. പത്തിലേറെയിടങ്ങളില്‍ മുറിവുകളുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന നിഗമനത്തില്‍ ഫൊറന്‍സിക് സര്‍ജന്‍മാര്‍ എത്തിയത്.  

ഒന്നിലേറെപ്പേര്‍ ചേര്‍ന്നുള്ള ആക്രമണമെന്നു വ്യക്തമാക്കിയതോടെ കൊലപാതകത്തിനു പിന്നില്‍ ലഹരിസംഘങ്ങളാണന്ന സംശയം ബലപ്പെട്ടിരുന്നു. സംഘാംഗങ്ങളായ അഞ്ചുപേര്‍ കസ്റ്റ‍ഡിയിലുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതിനിടെ, പൊലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായ ഉടന്‍ കാര്യക്ഷമമായി പ്രതികരിച്ചിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നെന്നാണ് ഇലിസ് പറഞ്ഞത്. പരാതി നല്‍കാനെത്തിയപ്പോള്‍ മുറിയില്‍ പോയി വിശ്രമിക്കാനാണു ഡിജിപി പറഞ്ഞതെന്നും ടൂറിസം വകുപ്പിന്റ സഹായം ലഭിച്ചില്ലെന്നും ലിഗയുടെ സഹോദരി ഇലിസ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ ആരോപിച്ചു.