Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീരന്റെ വീട്ടിലേക്ക് ‘കൂടോത്രം’; ചെമ്പുതകിടുകളും ശൂലവും ഇത് ഒൻപതാം തവണ!

VM-Sudheeran-2 വി.എം.സുധീരൻ(ഇടത്) വീട്ടുവളപ്പിൽ നിന്നു ലഭിച്ച ചെമ്പു തകിടുകളും ശൂലരൂപങ്ങളും(വലത്)

തിരുവനന്തപുരം∙ കുപ്പിയിൽ നിറച്ച ‘കൂടോത്രം’ പൊലീസിനെ ഏൽപിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. കുപ്പിയിലാക്കിയ നിലയില്‍ ചെമ്പു തകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണു സുധീരനു ലഭിച്ചത്. ഇത് ഒൻപതാം തവണയാണു വീട്ടുവളപ്പിൽനിന്ന് ഇത്തരത്തിൽ കുപ്പിയിലെ തകിടും മറ്റും ലഭിക്കുന്നതെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ സുധീരൻ വ്യക്തമാക്കി. അതിനാലാണു പൊലീസിനെ വിവരമറിയിച്ചതും. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി നടക്കുന്നവരെയോർത്തു സഹതാപം മാത്രമേയുള്ളൂവെന്നും സുധീരൻ കുറിച്ചു.

Sudheeran കുപ്പിയിൽ നിന്നു ലഭിച്ച സാമഗ്രികൾ.

സമൂഹമാധ്യമത്തിലെ പോസ്റ്റിൽ നിന്ന്:

ഇന്നു രാവിലെ വീടിനോടു ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം– കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ...

ഒൻപതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുൻപൊക്കെ മറ്റു പല രൂപങ്ങളിലായിരുന്നു.

നേരത്തേയുള്ളതുപോലെത്തന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്നു തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളജ് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.

ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം...

related stories