Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യ നിയമത്തിൽനിന്ന് ഒളിച്ചോടുന്നു: ലണ്ടൻ ഹൈക്കോടതി

Vijay-Mallya വിജയ് മല്യ

ലണ്ടൻ∙ ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ നിയമത്തിൽനിന്നും ഒളിച്ചോടുകയാണെന്ന് യുകെ ഹൈക്കോടതി. 2016 മാർച്ചിനു മുൻപ് വ്യവസായിക, രാഷ്ട്രീയ ആവശ്യങ്ങൾക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നുവെന്നതിനു തെളിവുണ്ട്. യുണൈറ്റഡ് ബ്ര്യുവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷർ എയർലൈൻസുമായും ചേർന്നുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാവസായിക താൽപര്യങ്ങൾ. എന്നാലിപ്പോൾ മല്യ യുകെയിൽ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. നോൺ–റെസിഡന്റ് ടാക്സ്പേയർ എന്ന നിലയിലാണിതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ആസ്തികൾ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നൽകാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ നൽകിയ ഹർജിയിലാണു കർണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണൽ മല്യയുടെ ആസ്തികൾ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയിൽ ഉൾപ്പെടും.

അതിനിടെ, വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസിൽ (ഫെറ) വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി വീണ്ടും നിർദേശിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ മുൻനിർദേശത്തിൽ നടപടിയുണ്ടായില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം പരിഗണിച്ചാണു പുതിയ ഉത്തരവ്.

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസിൽ ജൂലൈ 11ന് ആണ് അടുത്ത വാദം കേൾക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായ മല്യ ഇപ്പോൾ 6,50,000 പൗണ്ടിന്റെ ജാമ്യത്തിലാണ്.